Friday, November 22, 2024
spot_imgspot_img
HomeKeralaകേരളത്തിൽ നിന്ന്‌ നാണംകെട്ട് തിരിച്ചു പോകേണ്ടിവരും, ആരിഫ് മുഹമ്മദ്‌ ഖാന് പന്ന്യൻ രവീന്ദ്രന്റെ മുന്നറിയിപ്പ്

കേരളത്തിൽ നിന്ന്‌ നാണംകെട്ട് തിരിച്ചു പോകേണ്ടിവരും, ആരിഫ് മുഹമ്മദ്‌ ഖാന് പന്ന്യൻ രവീന്ദ്രന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര ഭരണകൂടവും ബിജെപിയും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഒരു ഗവർണർ കേരളത്തിൽ വേണ്ടയെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഗവർണർ പദവിയിലിരിക്കുമ്പോൾ എന്തൊക്കെയാണ് ഗവർണറുടെ അധികാരങ്ങളും നിയമങ്ങളെന്നും ആദ്യം ഹരിശ്രീ എഴുതി പഠിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലാണ് ​ഗവർണറുടെ നിലപാട് എങ്കിൽ കേരളത്തിൽ നിന്ന് നാണംകെട്ട് തിരിച്ചു പോകേണ്ടി വരുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് എഐവൈഎഫ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ പദവി വേണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. 99 സീറ്റുമായി അധികാരത്തിൽ ഇരിക്കുന്ന സർക്കാരിലാണ് കേരളത്തിലെ ജനങ്ങളുടെ പ്രീതിയെന്ന് പന്ന്യൻ പറഞ്ഞു. യുപിയിൽ ചെയ്യുന്നതുപോലെ വിദ്യാഭ്യാസരംഗത്തെ കാവ്യവൽക്കരിക്കാൻ കേരളത്തിൽ അനുവദിക്കില്ലെന്നും ഗവർണർ നീതിയുടെ ഭാഗത്ത് നിൽക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ചെറുപ്പക്കാർ രംഗത്ത് വരുമെന്നും പന്ന്യൻ പറഞ്ഞു.

ഈ നിലപാടിൽ നിന്ന് എഐവൈഎഫ് എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും പിന്മാറില്ലെന്നും അത് ഗവർണർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഒരു കാര്യം പറയുന്ന സംഘടനയല്ല എഐവൈഎഫ്. പെൻഷൻ പ്രായം വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു അത് പിൻവലിക്കുകയും ചെയ്തു.

ആർഎസ്എസിന്റെ നാക്കായി, അവരുടെ പ്രവർത്തനത്തിനുളള മെ​ഗാഫോണായി കേരളത്തിലെ ​ഗവർണർ മാറുമ്പോൾ നോക്കിയിരിക്കാൻ മനസ്സില്ലായെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എഐവൈഎഫ് പ്രതിഷേധവുമായി രം​ഗത്ത് വന്നത്. ഈ യുവത്വത്തിന്റെ നിർദേശങ്ങൾ ​ഉൾക്കൊളളാൻ തയ്യാറാകുന്നതാണ് ഗവർണർക്ക് നല്ലതെന്നും പന്ന്യൻ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares