പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകരാറിലായി.ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നു. മൂന്ന് ഷട്ടറുകളിൽ മധ്യഭാഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി . ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ മുൻകരുതലുമായി പാലക്കാട് ജില്ലാ ഭരണകൂടം രംഗത്തെത്തി. പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി. പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെയാണ് മാറ്റിപാർപ്പിക്കുന്നത്. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു . കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനലാണ് മാറ്റി പാർപ്പിച്ചത് .
തുടർച്ചായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ചാലക്കുടി പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.