മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇന്ന് മുതൽ ആഗസ്റ്റ് 12 വരെയാണ് പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാല ബാഡ്ജറ്റ് മാത്രമാണ് അവതരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വർഷ കാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ സമ്പൂർണ്ണ ബഡ്ജറ്റിന് വേദിയൊരുങ്ങുന്നത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷത്തെ എതിരിടുന്നതിനോടൊപ്പം സഖ്യകക്ഷികളെയും പ്രതീപ്പെടുത്തണമെന്നതിനാൽ സർക്കാരിന്റെ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
ജെഡിയു ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ടി ഡി പി യാകട്ടെ ആന്ധ്രക്ക് വേണ്ടി പ്രത്യേക പാക്കേജ് ആണ് ആവശ്യപ്പെടുന്നത്. അതോടൊപ്പം വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നീ കക്ഷികളും ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദവി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞടെുപ്പ് ഫലം സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ഉറപ്പാകുമ്പോൾ പ്രതിപക്ഷ കക്ഷികളെ നേരിടുന്നതോടൊപ്പം സഖ്യകക്ഷികളെ പിണക്കാതെ മുൻപോട്ട് പോകാനുള്ള തന്ത്രവും നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ഏഴാമത് ബജറ്റിനുണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്.
അതിനിടെ സർക്കാർ ഇന്നലെ വിളിച്ചു ചേർത്ത കക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രതിപക്ഷ കക്ഷികളുടെ സഹകരണം അഭ്യർഥിച്ചപ്പോൾ സംസ്ഥാനങ്ങൾക്കുള്ള വിവിധ പാക്കേജുകൾക്കായി സമ്മർദ്ദം ശക്തമാക്കുകയായിരുന്നു അവർ. രാജ്യത്ത് വിദേശ മൂലധന നിക്ഷേപത്തിനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കിയും പ്രതിരോധവും റെയിൽവെയും ഉൾപ്പെടെയുള്ള നിരവധി വ്യവസായങ്ങളിൽ കൂടുതൽ വിദേശമൂലധന നിക്ഷേപം അനുവദിച്ചു കൊണ്ടും സമ്പദ് വ്യവസ്ഥയെയാകെ മുതലാളിത്ത നിയന്ത്രണത്തിൽ കൂടുതൽ ഉദാരവ്യവസ്ഥകളോടെ വളരാൻ അനുവദിക്കുന്ന നിലവിലെ സമീപനം അതേ പടി തുടരുവാൻ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മോദി ഗവണ്മെന്റിന് സാധിക്കില്ല.
ബിജെപി നയങ്ങൾ സഖ്യ കക്ഷികൾക്ക് കൂടി സ്വീകാര്യമാവേണ്ടതുണ്ട്.
രാഷ്ട്രീയ അസ്ഥിരതയിൽ കുപ്രസിദ്ധിയാർജ്ജിച്ച ജെ ഡി യു വും ടി ഡി പി യും സർക്കാരിനെ വരുതിയിൽ നിർത്താൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രത്തിലെ ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് നിതീഷ് കുമാർ ആലോചിക്കണമെന്ന് ജെ ഡി യു ജമ്മു കശ്മീർ ഘടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഏതായാലും നവ ലിബറൽ നയങ്ങളും മുതലാളിത്ത അജണ്ടയും മുഖ മുദ്രയാക്കിയിട്ടുള്ള ബിജെപി നേതൃത്വം നൽകുന്ന ഗവണ്മെന്റ് വർത്തമാന രാഷ്ട്രീയ പശ്ചാത്തലത്തിൽ തങ്ങളുടെ പ്രഥമ ബഡ്ജറ്റ് എപ്രകാരം രൂപപ്പെടുത്തുമെന്നത് കാത്തിരുന്നു കാണാം