Wednesday, January 29, 2025
spot_imgspot_img
HomeLatest Newsപാർലമെന്റ് തെരഞ്ഞെടുപ്പ്: ഇടത് മുന്നേറ്റം പ്രകടം

പാർലമെന്റ് തെരഞ്ഞെടുപ്പ്: ഇടത് മുന്നേറ്റം പ്രകടം

ടി കെ മുസ്തഫ വയനാട്

ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായ വിധിയെഴുത്തായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അന്തർ ദേശീയ -ദേശീയ -സംസ്ഥാന-പ്രാദേശിക മേഖലകളിലെ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ
സ്വീകരിച്ച നിലപാടുകൾ മണ്ഡലങ്ങളിലെ ബഹു ഭൂരിപക്ഷം വോട്ടർമാർക്കിടയിലും ഇടത് അനുകൂല തരംഗം സൃഷ്ടിച്ചതായാണ് പൊതു വിലയിരുത്തൽ.

ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകർ പോലും ഇടത് മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളെ ഈയിടെയായി പിന്തുണക്കുന്നതും ഇടത് പക്ഷ ആഭിമുഖ്യം പുലർത്തുന്ന വിഭാഗങ്ങൾ അത് നില നിർത്തുന്നതും എൽ ഡി എഫിന് ഗുണം ചെയ്യും.
രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത്‌ കൊണ്ടുള്ള സംഘ് പരിവാർ വർഗ്ഗീയ ശ്രമങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന വലത് പക്ഷ നിലപാടിന്നെതിരിൽ മണ്ഡലങ്ങളിൽ നിഷ്പക്ഷ വോട്ടർമാർക്കിടയിൽ നില നിൽക്കുന്ന വികാരം തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സംജാതമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല!

  തലസ്ഥാനത്ത് ശശി തരൂരിന്റെയും രാജീവ്‌ ചന്ദ്ര ശേഖറിന്റെയും ഹൈ ടെക് പ്രചാരണങ്ങൾ പന്ന്യൻ രവീന്ദ്രന്റെ  ജനകീയതക്ക് മുന്നിൽ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കാണുന്നത്.

പന്ന്യൻ രവീന്ദ്രന് തിരുവനന്തപുരം മണ്ഡലത്തിൽ ഇത് രണ്ടാം അങ്കമാണ്.
പി കെ വി യുടെ നിര്യാണത്തെ തുടർന്നുണ്ടായ 2005 ലെ ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി എസ് ശിവ കുമാറിനെ 74212 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യം പാർലമെന്റിൽ എത്തുന്നത്.

2004 ലെ പി കെ വി യുടെ ഭൂരിപക്ഷം 54603 വോട്ടുകൾ ആയിരുന്നു. എം എൻ ഗോവിന്ദൻ നായർ, പി കെ വാസുദേവൻ നായർ, കെ വി സുരേന്ദ്ര നാഥ്‌ തുടങ്ങി പ്രമുഖരെ പാർലമെന്റിലെത്തിച്ച മണ്ണ് ഇക്കുറി ചുവപ്പണിയുക തന്നെ ചെയ്യുമെന്നാണ് പൊതു വികാരം.

  മാവേലിക്കരയിൽ ഇടത് സ്ഥാനാർഥി സി എ അരുൺ കുമാർ സമ്പൂർണ്ണ വിജയമുറപ്പിച്ചുള്ള കുതിപ്പാണ് നടത്തുന്നത്.

അരുൺ കുമാറിന്റെ ജനകീയതയും മണ്ഡലത്തിലെ സ്വീകാര്യതയും വോട്ടായി മാറുമെന്നും വൻ വിജയം നേടുമെന്നും ഇടത് കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നു.
മണ്ഡലത്തിലെ നവാഗത വോട്ടർമാർ സ്ഥാനാർഥിയെ ഏറ്റെടുത്തു കഴിഞ്ഞു.
മാവേലിക്കരയും ചെങ്ങന്നൂരും വലിയ രീതിയിൽ തുണക്കുമെന്നും കൊട്ടാരക്കരയിലും പത്തനാപുരത്തും മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.

കേരള കോൺഗ്രസ്‌ ( എം ) ന്റെ മുന്നണി മാറ്റവും പത്തനാപുരത്തും കൊട്ടാരക്കരയിലുമുള്ള കേരള കോൺഗ്രസ്‌ ബി യുടെ നിർണ്ണായക സ്വാധീനവും എൽ ഡി എഫിന് അനുകൂല ഘടകമാണ്. മറു ഭാഗത്ത് യു ഡി എഫ് കേന്ദ്രങ്ങൾ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലാണ്. കൊടിക്കുന്നിൽ സുരേഷിനെതിരായ ജന വികാരം തോൽവിയുടെ ആഴം വർദ്ധിപ്പിക്കുമെന്ന ആശങ്കയും അവർക്കുണ്ട്.
സാധാരണ യു ഡി എഫ് പ്രവർത്തകർക്കിടയിൽ പോലും കൊടിക്കുന്നിലിനെതിരെ നില നിൽക്കുന്ന കടുത്ത അമർഷം വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്ന കണക്ക് കൂട്ടലും യു ഡി എഫിനെ അലട്ടുന്നു.

   തൃശൂരിൽ വി എസ് സുനിൽ കുമാറിന്റെ പ്രചരണ രംഗത്തെ  മുന്നേറ്റം വലത് - ബിജെപി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയാണ്.

യു ഡി എഫിന്റെ അപവാദ പ്രചാരണങ്ങളെയും ബിജെപി യുടെ വർഗീയ രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് വോട്ടർമാർ സുനിൽ കുമാറിന് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ വൻ ജയം തുടരാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലത്തിൽ നില നിൽക്കുന്നത്. സുരേഷ് ഗോപിയെ മുൻ നിർത്തി തീവ്ര ഹിന്ദുത്വ അജണ്ട ലക്ഷ്യം വെച്ച് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നെറികേടുകൾ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാണ്. മണ്ഡലത്തിൽ ഇത് വരെ ചലനം സൃഷ്ടിക്കാൻ സുരേഷ് ഗോപിക്ക് കഴിയാത്തത് ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്. യു ഡി എഫ് – എൽ ഡി എഫ് മത്സരം തന്നെയാണ് മണ്ഡലത്തിൽ നില നിൽക്കുന്നത്.

ദേശീയ ശ്രദ്ധ കേന്ദ്രമായ വയനാട്  ഐക്യ ജനാധിപത്യ മുന്നണിയുടെ കുത്തകയാണെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് പ്രസ്തുത മണ്ഡലം തീർത്തും ബാലി കേറാ മലയാണെന്നുമുള്ള വലത് പക്ഷ പ്രചരണത്തിന്റെ മുനയൊടിക്കുന്ന പ്രചരണങ്ങളാണ് ഇക്കുറി വയനാട്ടിൽ ദർശിക്കാൻ കഴിയുന്നത്.

പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമ സഭ മണ്ഡലങ്ങളിലും ശക്തമായ ഇടത് തേരോട്ടമാണ് കാണാൻ കഴിയുന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന ഇമേജും ‘രാഹുൽ’ വികാരവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന കണക്ക് കൂട്ടൽ യു ഡി എഫ് കേന്ദ്രങ്ങൾക്കുണ്ടെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട രാഹുൽ തരംഗം ഇക്കുറി മണ്ഡലത്തിൽ നില നിൽക്കുന്നില്ലെന്നതാണ് വാസ്തവം.

ന്യൂന പക്ഷങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും കാര്യമായ വേരോട്ടമുള്ള വയനാട് പാർലമെന്റ് മണ്ഡലം കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലുകൾക്കൊപ്പം എം പി എന്ന നിലയിലുള്ള രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളും സജീവ ചർച്ചയാക്കിയപ്പോൾ ഇടത് മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടത്.

രാത്രി യാത്ര ഗതാഗത നിരോധനവും വന്യ മൃഗ ശല്യവും മലയോര മേഖലയിലെ കർഷകരുടെ വിഷയങ്ങളും വയനാടിന്റെ ട്രെയിൻ സ്വപ്നങ്ങളും പ്രചരണത്തിൽ ഇടം പിടിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ നിഷ്ക്രിയാവസ്ഥ യു ഡി എഫ് വിരുദ്ധ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ലീഗ് കേന്ദ്രങ്ങളിൽ തണുപ്പൻ പ്രതികരണമാണ് കാണാൻ കഴിയുന്നത്. കൊടി വിവാദ വിഷയത്തിലടക്കം സാധാരണ ലീഗ് പ്രവർത്തകർക്കിടയിലെ നിഷ്ക്രിയാവസ്ഥ പ്രകടമാണ്.

ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ ചിത്രത്തിലേ ഇല്ല എന്നതാണ് വാസ്തവം.
ഇടത് സ്ഥാനാർഥിക്കനുകൂലമായ ചില പ്രത്യേക രാഷ്ട്രീയ സമ വാക്യങ്ങൾ മണ്ഡലത്തിൽ നിശബ്ദമായി രൂപപ്പെടുന്നുണ്ടെന്നും ആനി രാജ അട്ടിമറി വിജയം നേടുമെന്നാണ് മണ്ഡലത്തിലെ ഏഴ് നിയമ സഭ മണ്ഡലങ്ങളും സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ ലേഖകൻ വിലയിരുത്തുന്നത്.

(തുടരും )

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares