ഇലക്ഷനു മാത്രം പൊട്ടിമുളയ്ക്കുന്ന ഒരു പേരാണ് പത്മജ വേണുഗോപാൽ എന്നത്. കെ കരുണാകരൻ എന്ന രാഷ്ട്രീയ അതികായന്റെ വാത്സല്യ പുത്രി എന്ന പേരോടെ കോൺഗ്രസിന്റെ തലപ്പത്ത് എത്തുന്നതിൽ അവർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് ലീഡറിന്റെ മോളോടുള്ള വാത്സല്യവും സ്നേഹവും അണികൾക്ക് ഒട്ടുമില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് നേരിട്ട ഇലക്ഷനും സ്വന്തം പാർട്ടിയിൽ നിന്നു പോലും വോട്ട് കിട്ടാതിരിക്കേണ്ടി വന്നത്.
ഇലക്ഷൻ തിയതി പ്രഖ്യാപിക്കുമ്പോൾ സജീവ രാഷ്ട്രീയ പ്രവർത്തകയുടെ കുപ്പായമിട്ട് വരുന്ന ഒരു അധികാര മോഹി എന്നല്ലാതെ ജനം എങ്ങനെയാണ് പത്മജയെ പരിഗണിക്കേണ്ടത്. സ്വന്തം സഹോദരന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ രാഷ്ട്രീയ സേവനം വർക്ക് അറ്റ് ഹോം ആയി ചെയ്തുവരുന്ന ഒരു കപട രാഷ്ട്രീയത്തിന്റെ ഉടമ. ഇന്നലെ വരെ വിമർശിച്ചിരുന്ന പാർട്ടിയെ ഇനി പുകഴ്ത്താനാവും സാക്ഷാൽ പത്മജയ്ക്ക് വിധി. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയാണ് പത്മജയെ ബിജെപിയിലേക്ക് അടുപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനു അടുത്തിരെക്കെ സീറ്റ് മോഹം മാത്രം മുന്നിൽ വച്ചാണ് പത്മജ ബിജെപിയിലേക്ക് കടന്നെത്തുന്നത്. ചാലക്കുടി സീറ്റ് തന്നെയാവും പത്മജയ്ക്ക് ലക്ഷ്യമെന്ന് വിലയിരുത്തലുണ്ട്.
കോൺഗ്രസിന്റെ അകത്തെ മക്കൾ രാഷ്ട്രീയമാണ് പത്മജയെ പോലെയുള്ള രാഷ്ട്രീയക്കാരെ വളർത്തുന്നത്. സഹതാപം സമ്പാദിച്ച് അത് രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗപ്പെടുത്താൻ കാണിക്കുന്ന കുബുദ്ധി ഇപ്പോൾ വിനയായിരിക്കുന്നത് കേരളത്തിലെ കോൺഗ്രസിനു തന്നെയാണ്. പത്മജയുടെ ബിജെപിയിലേക്കുള്ള പ്രവേശനം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെ ഒരു രീതിയിലും ബാധിക്കില്ലായിരിക്കാം. പക്ഷെ നേതാക്കളുടെ മക്കൾ തന്നെ കോൺഗ്രസിനെ കയ്യൊഴിയുന്നത് അണികൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബിജെപിക്കെതിരെ കേന്ദ്രത്തിൽ കോൺഗ്രസിനെ നയിച്ച എ കെ ആന്റണിക്ക് സ്വന്തം മകന്റെ കൂറുമാറ്റം അറിയാതെ പോയത് എന്താണാവോ എന്തോ?