പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിന്റെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ്പെടെ മീനുകളാണ് ചത്തവയിൽ പലതും. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാസമാലിന്യം കലർന്നതാണോ മീനുകൾ ചാകാൻ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ. മത്സ്യങ്ങൾ വ്യാപകമായി ചത്തു പൊങ്ങിയതിനു കാരണം മഴ സമയത്ത് രാസ മാലിന്യങ്ങൾ തുറന്ന് വിട്ടത് കൊണ്ടാണെന്നും ഇതിന് മുൻപും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അന്വേഷണങ്ങൾക്ക് ഉത്തരവിടാറുണ്ടെങ്കിലും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
പെരിയാറിലെ രാസമിലിന്യം മൂലം മത്സ്യങ്ങൾ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്തിക്ക് പരാതി നൽകിയിരുന്നു. എഐവൈഎഫിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് എൻ അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.
ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.
അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തൽ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.നദിയിൽ മാലിന്യം ഒഴുക്കിയതിന്റെ പേരിൽ എ കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.