കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടായെന്നാണ് ആരോപണം.
പുരസ്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്നുമാണ് ആരോപണം.അവാർഡ് നിർണയത്തിൽ രഞ്ജിത്ത് സ്വാധീനം ചെലുത്തിയെന്ന ആക്ഷേപവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിത്തിയതിന് പിന്നാലെയാണ് ഹർജി കോടതിയിലെത്തിയത്. ജൂറി പാനലിന്റെ തീരുമാനങ്ങളിൽ രഞ്ജിത്ത് സ്വാധീനം ചെലുത്തിയെന്നും പത്തൊൻപതാം നൂറ്റാണ്ട് സിനിമ അവഗണിക്കണമെന്ന ഉദ്ദേശത്തോടു കൂടി പ്രവർത്തിച്ചെന്നുമായിരുന്നു വിനയന്റെ ആരോപണം.