ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്താണ് കെജ്‌രിവാളിന്റെ ഹർജി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്ലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.
അന്വേഷണ ഏജൻസിയുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഇരു ഹർജികളിലെയും പ്രധാന വാദം. രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച അരവിന്ദ് കെജ്‌രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റ് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികളാണ് ഒരേദിവസം സുപ്രീം കോടതി പരിഗണിക്കുക, അതും ഒരേ ജഡ്ജിമാർ. മദ്യനയ അഴിമതി കേസിൽ ഇഡി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലോ കുറ്റപത്രത്തിലോ തന്റെ പേരില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ വാദം. അഴിമതിയുടെ പ്രധാന സൂത്രധാരനായ കെജ്‌രിവാൾ തെളിവുകൾ നശിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യാത്ത പശ്ചാത്തലത്തിൽ അറസ്റ്റ് അനിവാര്യമായിരുന്നു എന്നാണ് ഇഡി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം.
ഭൂമി കുംഭകോണ കേസിലേ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം പൂർത്തിയായിട്ടും ജാർഖണ്ഡ് ഹൈക്കോടതി വിധി വൈകുന്ന പശ്ചാത്തലത്തിലാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28ന് വാദം പൂർത്തിയായ കേസിൽ രണ്ട് മാസമായിട്ടും ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. ഇതുമൂലം നിർണായകമായ തിരഞ്ഞെടുപ്പ് സമയത്ത് ജയിൽവാസം അനുവദിക്കേണ്ടി വരുന്നുവെന്നാണ് ഹർജിയിൽ ഹേമന്ത് സോറൻ ചൂണ്ടിക്കാട്ടുന്നത്. ഹർജിയിൽ കോടതി ഇഡിയുടെ നിലപാട് തേടിയിട്ടില്ല. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിർ അടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.