കൊച്ചി: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം.തിരുവനന്തപുരത്ത് യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാൻ സമൂഹത്തിന് കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.