സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അന്താഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്തെ കാനത്തിലുളള അദ്ദേഹത്തിന്റെ വയതിയിലെത്തിയായിരുന്നു അവസാനമായി കണ്ടത്. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത്.
രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിയത്.
വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വൻ ജനാവലിയാണ് തടിച്ചുകൂടിയത്. നിശ്ചയിച്ചതിലും വളരെ വൈകി ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. ഇവിടെയും കാനത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
സംസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടരി എംവി ഗോവിന്ദൻ, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ കാനത്തെ വീട്ടിലെത്തും. കാനത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക് വിളിച്ച സിപിഎം പിബി യോഗം ഇന്നലെ അവസാനിപ്പിച്ചു.
തിരുവനന്തപുരത്ത് പി എസ് സ്മാരകത്തിൽ കാനത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ രാഷ്ട്രീയ നേതാക്കളായ
എംവി ഗോവിന്ദനും ഇ പി ജയരാജനും എ കെ ആന്റണിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വി എം സുധീരനും കെ കെ ശൈലജയും ഒ രാജഗോപാലും ഉൾപ്പെടെ ഒട്ടുമിക്കവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി റീത്ത് സമർപ്പിച്ചു.