കണ്ണൂർ: ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാൽക്കരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ കടമ്പൂരിൽ ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ നിർമ്മിച്ച ഭവന സമുച്ഛയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്കു നൽകി സംസാരിക്കുകയായിരുന്നു. കണ്ണൂരിലെ കടമ്പൂരിലായിരുന്നു ഭവന സമുച്ഛയങ്ങളുടെ താക്കോൽ കൈമാറ്റം.
വീടെന്നത് വെറുമൊരു കെട്ടിടമല്ല, ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേർന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണെന്ന്, ഭവന സമുച്ഛയ കൈമാറ്റത്തെക്കുറിച്ചു ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ആ ആശയമാണ് ലൈഫ് മിഷന്റെ സത്ത. ഇന്ന് കണ്ണൂരിലെ കടമ്പൂരിൽ നിർമ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരിൽ കാണുക മാത്രമല്ല, അതിൽ വീടുടമകളോടൊപ്പം പങ്കാളിയാകാനു കഴിഞ്ഞു. ജീവിതത്തെ സാർത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.
ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിൽ പൂർത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതിൽ വിശ്വാസമർപ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂർവ്വമായ സന്ദർഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാൽക്കരിക്കാം- മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.