കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂൾ കലോത്സവം. ആ അർഥത്തിൽ നോക്കിയാൽ വിദ്യാർഥിയുടെ കലാപ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹിക വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് കലോത്സവ വേദികളെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരിക്ക് ശേഷമുള്ള നമ്മുടെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തൽ ആണ് ഇത്. കോവിഡ് ഭീതി പൂർണമായി ഒഴിഞ്ഞെന്ന് കരുതാൻ ആകില്ല. മുൻകരുതൽ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ഓർമ്മെപ്പെടുത്തി.
ജാതിക്കും മതത്തിനും അതീതമാണ് കല. എല്ലാ നന്മകളും അങ്ങനെ ആണ്.ഒരു വേർതിരിവും ഉണ്ടാകരുതെന്നും സ്നേഹത്തിന്റെ അന്തരീക്ഷം കലുഷമാവില്ല എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.