2023-24 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 3,74,755 റെഗുലർ വിദ്യാർഥികളിൽ 78.69 ശതമാനം പേരും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 4.26 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 82.95 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 39,242 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജൂൺ 12 മുതൽ 20 വരെയാണ് സെ പരീക്ഷ.
പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ പരീക്ഷ എഴുതിയ 1,89,411 വിദ്യാർത്ഥികളിൽ 1,60,696 പേരും വിജയിച്ചു. 84.84 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 76,235 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 51,144 പേരാണ് വിജയിച്ചത്. 67.09 ആണ് വിജയശതമാനം. കൊമേഴ്സ് ഗ്രൂപ്പിൽ 1,09,109 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 83,048 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.11 ആണ് വിജയശതമാനം.
75.06 ആണ് സർക്കാർ സ്കൂളുകളുടെ വിജയശതമാനം. എയ്‌ഡഡ് സ്കൂളുകളിൽ പരീക്ഷ എഴുതിയവരിൽ 82.47 ശതമാനം പേരും വിജയിച്ചു. അൺ എയ്‌ഡഡ് സ്കൂളുകളുടെ വിജയശതമാനം 74.51 ആണ്. സ്പെഷ്യൽ സ്കൂളുകളുടെ വിജയശതമാനം 98.54 ആണ്.
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷ എഴുതിയ 70.01 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 73 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കലാമണ്ഡലം ആർട്ട് സ്കൂളിൽ വിജയശതമാനം 100 ആണ്.
വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ് (84.12). വയനാടാണ് ഏറ്റവും കുറവ് വിജയശതമാനം (72.13). 63 സ്കൂളുകൾക്കാണ് 100 ശതമാനം വിജയം നേടാനായത്. 105 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടി.