മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. അതേസമയം, പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വാർത്താ ഏജൻസിയായ എബിപിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. അഭിമുഖത്തിലെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി.