പാലക്കാട്: ലഹരിക്കെതിരെ പോരാടാനും യുവാക്കളിലെ കായിക സംസ്കാരത്തെ വളർത്തിയെടുക്കുന്നതിനും സാംസ്കാരിക ക്ലബ്ബായ എവർഷൈൻ പുതുപരിയാരം സംഘടിപ്പിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. പാലക്കാട് ജില്ലയിലെ ഹേമാംബിക സ്റ്റേഷനിലെ പൊലീസുകാരാണ് ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ മുന്നിട്ടിറങ്ങിയ ഒരുപറ്റം ചെറുപ്പക്കാരുടെ ശ്രമങ്ങൾക്ക് വിലങ്ങ് തടിയായിരിക്കുന്നത്.
കേരള സർക്കാർ ലഹരിക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ക്ലബ്ബ് റാലി സംഘടിപ്പിക്കാൻ ഒരുങ്ങിയത്. ഖത്തർ ലോകകപ്പ് നടക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഫുട്ബോൾ ആരാധകരെ ഉൾപ്പെടുത്തി 22-ാം തിയതി വൈകിട്ട് 3 മണിക്ക് വള്ളിക്കോട് ജംഗ്ഷൻ മുതൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വരെ നടത്താനിരുന്ന റാലിക്കാണ് കാരണമൊന്നുമില്ലാതെ പൊലീസ് അനുമതി അനുമതി നിഷേധിച്ചത്. എന്നാൽ, പരിപാടിയുടെ ഭാഗമായി മൈക്ക് വയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കുവേണ്ടി ഹേമാംബിക പൊലീസ് സ്റ്റേഷനിൽ എത്തി ക്ലബ് ഭാരവാഹികൾ 1200 രൂപ ഫീസ് അടച്ച് അപേക്ഷ നൽകിയതുമാണ്.
ഇതേപറ്റി പിന്നീട് വിവരമൊന്നു ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ എഎസ്‌പി ഓഫീസുമായി ബന്ധപ്പെടാനാണ് ഹേമാംബിക പൊലീസ് സ്റ്റേഷനിൽ നിന്നും വ്യക്തമാക്കിയത്. അതേതുടർന്ന് അംഗങ്ങൾ എഎസ്പി ഓഫീസിൽ തിരക്കിയപ്പോൾ ഹേമാംബിക പൊലീസ് സ്റ്റേഷനാണ് ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നതെന്ന് അറിയിച്ചു. പിന്നീട് പൊലീസ് വെബ്സൈറ്റിൽ മൈക്കിനുള്ള അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് ഉത്തരവ് പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ലഹരിക്കെതിരെ സമൂഹത്തെ ഒറ്റക്കെട്ടാക്കി ഒരു സാധാരണ ക്ലബ്ബ് രംഗത്തെത്തിയപ്പോൾ അതിനെ പിന്തുണക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ഈ റാലി തടഞ്ഞിരിക്കുന്നത്. പുതുപരിയാരത്തെ ഈ യുവാക്കൾക്കു പൊലീസിൽ നിന്നുണ്ടായ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എഐവൈഎഫ് മലമ്പുഴ മണ്ഡലം കമ്മിറ്റി രംഗത്തെത്തി.