വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടതിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. പ്രതി കുറ്റം സമ്മതിച്ച കേസിൽ, കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ശേഖരിച്ചിട്ടില്ല എന്നത് പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്നുവെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും ടി ടി ജിസ്മോനും പറഞ്ഞു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലുകളിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പോലീസിന്റെ ഭാഗത്തു വീഴ്ച വന്നിട്ടുണ്ടോയെന്നു അന്വേഷണം നടത്തണം. ഇത്തരം വീഴ്ചകൾ ഗുരുതരമായി കാണണം. അന്വേഷണം വഴിതെറ്റിക്കാൻ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നും കണ്ടെത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ആറു വയസുകാരിയുടെ അമ്മയുടെ നിലവിളി കേരള മനസാക്ഷിയെ പൊള്ളിക്കുന്നതാണ്. സാധാരണക്കാർക്ക് സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ സംശയം വരാൻ പാടില്ല. എവിടെയാണ് വീഴ്ച പറ്റിയതെന്നു സർക്കാർ അടിയന്തിരമായി പരിശോധിച്ച് നടപടി സ്വീകരിക്കണം എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.