തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യാൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ കാര്‍ഡ് നിര്‍മ്മിക്കാനുള്ള ആപ്പ് നിര്‍മ്മിച്ചത് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും പൊലീസ് പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയതിന്‍റെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂർ സ്വദേശി ജെയ്സണ്‍ തോമസാണെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സണ്‍ തോമസാണ് മദർ കാർഡ് ഉപയോഗിച്ച് വ്യാജ കാർഡുകളുടെ നിർമ്മാണം തുടങ്ങിയതെന്നാണ് പൊലിസിന്‍റെ കണ്ടെത്തൽ. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം പുറത്തുവന്നതിനു പിന്നാലെ ജെയ്സണ്‍ ഒളിവിൽ പോയി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.