കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കുക, തൊഴിലിടങ്ങളിലും ക്യാമ്പുകളിലും എക്സൈസ്- പൊലീസ് പരിശോധന ഉറപ്പു വരുത്തുക, ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത നിരീക്ഷണ സമിതികൾ രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എഐവൈഎഫ് ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തേണ്ടത് സര്‍ക്കാര്‍ കൂടുതല്‍ ഗൗരവരതമായി എടുക്കണമെന്ന് എഐവൈഎഫ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇരുന്നോറോളം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ പ്രതികള്‍ ആയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ക്ലിയറന്‍സ് കര്‍ശനമാക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തി ജാഗ്രത പുലര്‍ത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടിരുന്നു.