മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മെയ്തി ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലയിൽ ജോലി നോക്കിയിരുന്ന കുകി വംശജനായ സബ്-ഇൻസ്‌പെക്ടർ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു. ഒൻഖോമാങ് ഹയോകിപ്പ് ആണ് കൊല്ലപ്പെട്ടത്. കലാപം ആരംഭിച്ചതിന് പിന്നാലെ ഇദ്ദേഹം കുകി ആധിപത്യമുള്ള ചുരാചന്ദ്പൂരിലേക്ക് മാറിയിരുന്നു. കലാപം ആരംഭിച്ചിട്ട് നാല് മാസം പിന്നിടുമ്പോഴാണ് സുരക്ഷിതമായിരിക്കുമെന്ന് കരുതിയ ജില്ലയിൽ വച്ചുതന്നെ ഇദ്ദേഹം കൊല്ലപ്പെടുന്നത്.
ബിഷ്ണുപൂർ ജില്ലയ്ക്ക് തൊട്ടടുത്തുളള ചുരാചന്ദ്പൂരിന്റെ അതിർത്തിയോട് ചേർന്നുള്ള എൻ ചിങ്ങ്‌ഫെയ് ഗ്രാമത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് 35 കാരനായ ഒൻഖോമാങ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ചുരാചന്ദ്പൂരിൽ അന്ത്യകർമങ്ങൾ നടന്നു. ഭാര്യ ലാൽബിക്കിമും അവരുടെ നാല് മക്കളും ചുരാചന്ദ്പൂരിലാണ് താമസിക്കുന്നത്.
2009ലാണ് ഒൻഖോമാങ് പോലീസ് സേനയിൽ ചേരുന്നത്. അന്ന് മുതൽ ബിഷ്ണുപൂർ ജില്ലയിലായിരുന്നു നിയമനം. എന്നാൽ, മെയ് മാസത്തിൽ കലാപത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ മൊയ്‌റാംഗിലെ പോലീസ് സ്‌റ്റേഷനിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.