Thursday, November 21, 2024
spot_imgspot_img
HomeLatest Newsമുറിവേറ്റ ബ്രസീൽ ഇടത് ചേരിയിലേക്ക് മടങ്ങുമ്പോൾ

മുറിവേറ്റ ബ്രസീൽ ഇടത് ചേരിയിലേക്ക് മടങ്ങുമ്പോൾ

ജെസ്‌ലോ ഇമ്മാനുവൽ ജോയ്

“ ചിലെ നവലിബറലിസത്തിന്റെ കളിത്തട്ടില്‍ ആയിരുന്നെങ്കില്‍, അത് അതിന്റെ ശവകുടീരം കൂടിയാകും “.

ൻ്റെ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയും നിലവിലെ ചിലി പ്രസിഡന്റുമായ ഗബ്രിയേല്‍ ബോറിക്ക് ശക്തമായ് ഉന്നയിച്ച ഈ വാചകങ്ങൾ, 2018 മുതൽ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ തിരിച്ച് വരവ് നടത്തുന്ന ‘ പിങ്ക് ടൈഡ് ‘- ൻ്റെ മുഖ വാചകം എന്ന് വിശേഷിപ്പിക്കാവുന്ന വാക്കുകളാണ്. പെറുവും കൊളംബിയയും കടന്ന ഈ ഇടത് തരംഗം ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ എന്ന ഇടത്പക്ഷ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ വിജയത്തോടെ ബ്രസീലിലും എത്തി നിൽക്കുമ്പോൾ, ഒരു കാലത്ത് വൻ പ്രചാരണം നേടിയ വലത്പക്ഷ നിയോ ലിബറൽ ആശയങ്ങളെ തെക്കൻ അമേരിക്കൻ ജനത പൂർണമായും തള്ളി കളഞ്ഞതിൻ്റെ തെളിവ് കൂടിയാണ് തീവ്ര വലത് പക്ഷക്കാരനും ഇടത് വിരുദ്ധമായ ബോൽസനാരോയുടെ തോൽവിയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.

ബ്രസീലിയൻ രാഷ്ട്രീയം

ഇന്ത്യയേക്കാൾ രണ്ടര ഇരട്ടി വലിപ്പവും, ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തിനേക്കൾ നാല് മില്ല്യൻ അധികം ജനസംഖ്യയും ഉള്ള, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൃഗ സമ്പത്തും വിഭവ സമ്പത്തും അടങ്ങിയ ആമസോൺ മഴക്കാടുകൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ബ്രസീൽ. കാൽപന്ത് കളിയെ ജീവശ്വാസമായി കാണുന്ന, സാമ്പ നൃത്ത ചുവടകളുടെ ചടുലതയോടെ ഫുട്ബോളിനെ സമീപിക്കുന്ന, പെലെയെയും, റൊണാൾഡീഞ്ഞോയെയും പോലെയുള്ള മികച്ച കളിക്കാരെ സമ്മാനിച്ച ബ്രസീലിയൻ ജനതയുടെ കാൽപ്പന്ത് ഭ്രമത്തിനുമുണ്ട് കോളനി ഭരണത്തിൻ്റെ കീഴിൽ ഉണ്ടായിരുന്ന ‘ അടിമ – ഉടമ ‘ സംവിധാനത്തിൻ്റെ കഥ.

മിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും പോലെ, വിഭവ സമ്പത്തിൽ കണ്ണും നട്ട് കോളനി ഭരണം നടപ്പാക്കിയ സ്പാനിഷ്, ഡച്ച് ഭരണകൂടങ്ങളുടെ ചരിത്രം ബ്രസീലിനും പറയാനുണ്ട്. ‘ ഉടമകളുടെ ‘ ഉല്ലാസത്തിന് വേണ്ടി ക്രിക്കറ്റ് ഇന്ത്യയിൽ ഉത്ഭവിച്ച അതേ രീതിയിലാണ് യൂറോപ്യൻ ഉടമകളുടെ കൂടെ വന്ന പന്തുകളി ബ്രസീലിൽ പ്രചാരണം നേടിയത്, എന്നാൽ ‘ ഉടമ ‘കൾ കൊണ്ടുവന്ന കാൽപ്പന്ത് കളിയിൽ അവരെക്കാൾ മികവ് കാണിച്ച ‘ അടിമകൾ ‘ പിന്നീട് ലോകം കീഴടക്കി രാജ്യത്തിൻ്റെ യശസുയർത്തിയപ്പോൾ, കോളനി ഭരണത്തിൻ്റെ ഒപ്പം വന്ന റോമൻ കത്തോലിക്ക മതം എന്ന വിഷം രാഷ്ട്രീയത്തിൽ കൂടി കലർന്ന് മറ്റ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ പോലെ ഒരു വലത് കൺസർവേറ്റിവ് ആശയത്തിന് രൂപം നൽകി രാഷ്ട്രത്തിൻ്റെ രാഷ്ട്രീയ സംവിധാനത്തെ മലിനമാക്കിയതും നമുക്ക് കാണാൻ സാധിക്കുന്നു.

സ്വാതന്ത്ര്യ ലബ്ദിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സായുധ രീതിക്ക് പ്രാധാന്യം നൽകിയ അനേകം രാജ്യങ്ങളെ പോലെ തുടക്ക കാലത്ത് പട്ടാളം വലിയ രീതിയിലുള്ള സ്വാധീനം ഭരണത്തിൽ ചെലുത്തുകയും, അതിനോടനുബന്ധിച്ച് അട്ടിമറികളും, രാഷ്ട്രീയ അസ്ഥിരതകളും ബ്രസീലിനും ഉണ്ടായിട്ടുണ്ട്. 1964 – ൽ ഭൂപരിഷ്കരണവും, തുല്യ വോട്ട അവകാശവും പോലെയുള്ള വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ഇടത്പക്ഷ പ്രസിഡൻ്റ് ജോ ഗുലാർട്ടിനെ ക്യൂബയെ ആക്രമിക്കാൻ സൈന്യത്തിനെ വിട്ടു തരില്ല എന്ന് ശക്തമായ ഭാഷയിൽ അമേരിക്കയ്ക്ക് മറുപടി കൊടുത്തതിൻ്റെ പേരിൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ജെ. എഫ്. കെന്നഡി തൻ്റെ ഇടത് വിരുദ്ധതയിൽ ഊന്നി കൊണ്ട് അതിനോട് അതൃപ്തി പ്രകടിപ്പിച്ചത് ഗുലാർട്ടിനെ അട്ടിമറിക്കാൻ ബ്രസീലിയൻ സൈന്യത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടായിരുന്നു. അന്ന് വരെ ആഫ്രോ ബ്രസീലിയൻ ജനതയെ അകറ്റി നിർത്തിയിരുന്ന സമൂഹത്തിലേക്ക് അവരുടെ ഉന്നമനത്തിനും, സമത്വത്തിനും വേണ്ട നടപടികൾ കൈക്കൊണ്ട ഗുലാർട്ടിനെ പുറത്താക്കിയ സൈനിക അട്ടിമറിക്കെതിരെയും തുടർന്ന് വന്ന സൈനിക ഭരണത്തിനെതിരെയും നടന്ന ശക്തമായ പ്രതിഷേധങ്ങൾക്ക്, തൊഴികാലികളെ സജ്ജരാക്കുകയും, ജയിലിൽ ക്രൂര മർധനങ്ങൾക്ക് ഇരയാവുകയും ചെയ്ത രണ്ട് പ്രമുഖ വർക്കേഴ്സ് പാർട്ടി അംഗങ്ങൾ പിന്നീട് രാജ്യത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ചു, ഒന്ന് ലൂല ഡി സിൽവ, രണ്ട് ദിൽമ റുസെഫ്.

ലൂല ദി സിൽവ എന്ന പോരാളി

തൻ്റെ പതിനാലാം വയസ്സിൽ ഫാക്റ്ററി തൊഴിലാളിയായ വ്യക്തിയാണ് ലൂല എന്ന് അറിയപ്പെടുന്ന ലൂയിസ് ഇനാസിയോ ലൂല ദി സിൽവ, അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങൾക്ക് വേണ്ടി പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയ അദ്ദേഹത്തിന് ഊർജം പകർന്നത്, തൻ്റെ തൊഴിൽ ജീവിതത്തിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊണ്ട് ഇടത് കയ്യിലെ ചെറു വിരൽ നഷ്ടപെട്ട അവസ്ഥ ഇനിയാർക്കും ഉണ്ടാവരുത് എന്ന ദൃഢ നിശ്ചയം തന്നെയാണ് എന്ന് നിസംശയം പറയാം. പട്ടാള ഭരണം അവസാനിപ്പിച്ച 1989 മുതൽ വലത് ശക്തികൾക്കെതിരെ പ്രത്യയശാസ്ത്രപരമായ ആശയകുഴപ്പം നേരിട്ട കമ്മ്യുണിസ്റ്റ് പാർട്ടിയെയും, മറ്റ് സോഷ്യലിസ്റ്റ് പാർട്ടികളെയും, വർക്കേഴ്സ് പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ശക്തമായ ഒരു ഇടത് സഖ്യം ലൂലയ്ക്ക് രൂപപ്പെടുത്തി എടുക്കാൻ സാധിച്ചു. 1990 -ൽ മുതൽ തുടർച്ചയായി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം മാറി മാറി വന്ന വലത് ശക്തികളോട് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ പരാജയങ്ങളിൽ ലവലേശം തളരാത്ത അദ്ദേഹം, തൊഴിലാളികളുടെ ഉന്നമനത്തിനായും, പാർട്ടിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായും തെരുവിലും പാർലിമെൻ്റിലുമായി അസംബ്ലി അംഗം എന്ന നിലയിൽ ശക്തമായ രീതിയിൽ പ്രവർത്തിച്ചു.

കഠിനാധ്വാനത്തിൻ്റെ ഫലം എന്നോണം 2002 – ൽ ജനം ലൂലയെ തിരഞ്ഞെടുത്തു, മാറി മാറി വന്ന വലത് ഭരണകൂടങ്ങൾ കൊണ്ടുവന്ന നിയോലിബറൽ ആശയത്തിൽ ഊന്നിയ മുതലാളിത്ത നയങ്ങൾ രാജ്യത്തെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കൂട്ടുക മാത്രമല്ല ചെയ്തത്, ആമസോൺ മഴക്കാടുകൾ അടക്കമുള്ള വിഭവ സമ്പത്ത് കുത്തകകൾക്ക് വീതിച്ച് കൊടുക്കുകയും ഉണ്ടായി. തകർന്ന ബ്രസീലിയൻ സാമ്പത്തിക മേഖലയെ ഉയർത്തുക എന്ന വെല്ലുവിളി ഏറ്റെടുത്ത ലൂല, താൻ പ്രസിഡൻ്റ് ആയ കാലത്ത് ബ്രസീലിനെ എട്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി, മാത്രമല്ല സാമൂഹിക ഉന്നമനത്തിനും ക്ഷേമത്തിനുമായി, എല്ലാവർക്കും പാർപ്പിടവും, വിദ്യാഭ്യാസവും ഉറപ്പാക്കി, പട്ടാള ഭരണത്തിന് ശേഷം വന്ന വലത്പക്ഷ സർക്കാർ ഭരണഘടനയിൽ പ്രാധാന്യം കൊടുക്കാതിരുന്ന കർഷകരെ ചേർത്ത് പിടിച്ച ലൂല, ഉത്പന്നങ്ങൾക്ക് താങ്ങുവിലയും, തൊഴിലാളികൾക്ക് മിനിമം വേതനവും നടപ്പിലാക്കി.

ജനപ്രിയമായ ‘ ബോൾസ ഫാമിലിയ ‘ എന്ന ക്ഷേമനിധി പദ്ധതിയും നടപ്പിലാക്കിയത് ഈ കാലത്താണ്. എടുത്ത് പറയേണ്ട മറ്റൊരു കാര്യം, 2007-ൽ ബ്രസീലിൻ്റെ അതിർത്തിയിൽ കണ്ടെത്തിയ എണ്ണ നിക്ഷേപം കുത്തകകൾക്ക് വിട്ടു കൊടുക്കില്ലെന്ന് മാത്രമല്ല, അതിൻ്റെ പൂർണ്ണ അവകാശം ബ്രസീലിയൻ ജനതയ്ക്ക് ആകുമെന്നുമുള്ള ശക്തമായ നിലപാട് സ്വീകരിച്ച ലൂല, മുൻ സർക്കാരുകൾ സ്വകാര്യവൽക്കരിച്ച പൊതുമേഖല സ്ഥാപനങ്ങൾ, പുനസ്ഥാപിച്ചു മീകച്ച ലാഭം ഉണ്ടാക്കാനും ആ പഴയ ട്രേഡ് യൂണിയൻ നേതാവിന് സാധിച്ചു. ഭരണഘടന പ്രകാരം അനുവദിനീയമായ രണ്ട് ടേമുകൾക്ക് ശേഷം, മാറി നിന്ന ലൂല തൻ്റെ പിൻഗാമിയായി ദിൽമ റുസേഫിനെ തിരഞ്ഞെടുത്തു എന്നാൽ, തുടർച്ചയായി ഭരണം കയ്യിൽ നിന്ന് നഷ്ടപ്പെട്ടതിൻ്റെ അസ്വസ്ഥതയിൽ വിറളി പിടിച്ച വലത് പക്ഷ ശക്തികളുടെ ശക്തമായ ആക്രമണവും കുപ്രചരണവും ചെറുത്ത് നിൽക്കാൻ കഴിയാതെ കാലാവധി തീരും മുൻപ് ബ്രസീലിലെ അദ്യ വനിത പ്രസിഡൻ്റായ ദിൽമയ്ക്ക് ഇംപീച്ച്മെൻ്റിലൂടെ സ്ഥാനം ഒഴിയേണ്ടി വന്നു.

ബോൽസനാരോയുടെ വരവും പോക്കും, അധികാരമേറ്റ ഇടത് പക്ഷത്തിൻ്റെ ഭാവിയും

ട്രോപ്പിക്കൽ ട്രമ്പ് എന്ന കുപ്രസിദ്ധി തൻ്റെ പ്രസിഡൻ്റ് കാലാവധിയിലൂടെ നേടിയെടുത്ത ജയർ ബോൽസനാരോ 2018 – ൽ സ്ഥാനാർത്ഥി ആകുന്നതും, അതേ വർഷം 2014 മുതൽ സെർജിയോ മോറോ എന്ന ജഡ്ജി നേതൃത്വം നൽകിയ ‘ ഓപ്പറേഷൻ കാർ വാഷ് ‘ എന്ന പേരിൽ ദിൽമ റുസെഫിനേയും ലൂലയെയും പ്രതിക്കൂട്ടിൽ നിർത്തി നടന്ന ‘ അഴിമതി വിരുദ്ധ പോരാട്ടം ‘ ത്തിൻ്റെ വിധി പ്രസ്താവിക്കുകയും, ലൂലയെ പന്ത്രണ്ട് വർഷം ശിക്ഷിക്കാൻ വിധിക്കുകയും, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് അതേ ജഡ്ജി, ബോൽസനാരോയുടെ മന്ത്രി സഭയിലെ ജസ്റ്റിസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി മന്ത്രി ആയത് കാലത്തിൻ്റെ കാവ്യ നീതിയോ അതോ ഒളിഞ്ഞു കിടന്നിരുന്ന അന്തർധാരയ്ക്കുള്ള കൂറോ എന്നത് പരസ്യമായ രഹസ്യമാണ് !

കലുഷിതമായ നിയമ പോരാട്ടത്തിൽ ലൂല ഏർപ്പെട്ടത്തോടെ ഇടത് മുന്നണിക്ക് ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ കഴിയാതെയായി, അതോടെ സകല വലത് കക്ഷികളുടെയും പിന്തുണയോടെ മത്സരിച്ച ബോൽസനാരോ വിജയം ഉറപ്പിച്ചു. തുടർന്ന് വന്ന പ്രസിഡൻ്റ് ഭരണത്തെ ലളിതമായി നമുക്ക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെയും, അമേരിക്കൻ പ്രസിഡൻ്റായ ഡൊണാൾഡ് ട്രമ്പിൻ്റെയും സങ്കര ഇനം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ഒരു രാജ്യത്തിൻ്റെ തലവൻ എങ്ങനെ ആവരുത് എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു പിന്നീടുള്ള വർഷങ്ങൾ ന്യൂനപക്ഷങ്ങളെയും, LGBTQ സമൂഹത്തെയും പരസ്യമായി അധിക്ഷേപിക്കുകയും, അതിനെ തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു, ഒരു തരത്തിൽ ബോൾസനാരോ നടപ്പാക്കിയത് അയാൾ വാനോളം പുകഴ്ത്തിയിരുന്ന 1964 – ൽ അട്ടിമറിയിലൂടെ വന്ന പട്ടാള ഭരണത്തിൻ്റെ അതേ മനുഷ്യാവകാശ ധ്വംസ്നങ്ങൾ തന്നെ ആയിരുന്നു.ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ കുത്തക കമ്പനികൾക്ക് എഴുതി കൊടുക്കുവാൻ വരെ തീരുമാനിച്ച ബോൽസനാരോ രാജ്യത്തിൻ്റെ വിഭവ സ്വത്തിനും, കാടുകളിൽ ജീവിക്കുന്ന മനുഷ്യരുടെ ക്ഷേമത്തിനും ഒരു വിലയും കല്പിച്ചിരുന്നില്ല എന്ന് മനസിലാക്കാൻ സാധിക്കുന്നു. നിരുത്തരവാദപരമായ പല നയ രൂപീകരണങ്ങൾക്കും ഒടുവിൽ, കോവിഡ് പ്രതിസന്ധി ബോൽസനാരോ ഭരണകൂടത്തിൻ്റെ ശവപ്പെട്ടിയിലെ അവസാന ആണിയായി. കോവിഡിനെ പ്രതിരോധിക്കാൻ പാത്രം കൊട്ടിയാൽ മതിയെന്ന് പറഞ്ഞ നാട്ടിൽ ജീവ ശ്വാസം കിട്ടാതെ മരിച്ച വീണ ജനങ്ങളുടെ മൃത്ദേഹങ്ങൾ കൂട്ടമായി കത്തി എറിഞ്ഞതും, നദിയിൽ കൂടി ഒഴുകിയതും നമ്മൾ കണ്ടതാണ്, അപ്പോൾ പിന്നെ കോവിഡ് തന്നെ ഒരു ‘ ഫാൻ്റസി ‘ യാണെന്ന് വിശേഷിപ്പിക്കുന്ന ഒരു ഭരണാധികാരി എത്രത്തോളം ‘ കാര്യക്ഷമം ‘ ആവും എന്ന് ഊഹിക്കാമല്ലോ. ഒടുവിൽ നിയമ പോരാട്ടങ്ങൾക്ക് വിരാമമിട്ട് കൊണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഉള്ള വിലക്ക് നീങ്ങി ലൂല രംഗത്ത് വന്നതോടെ, ബോൽസനാരോയുടെ ഇടിഞ്ഞ നിന്ന് ജനസമിതി വീണ്ടും കൂപ്പു കുത്തി, അവസാനം ജനവിധി എതിരായപ്പോൾ ഡൊണാൾഡ് ട്രമ്പിനെ പോലെ ഒച്ചപ്പാടും ബഹളങ്ങളും ഉണ്ടാക്കി ബോൽസനാരോ പടിയിറങ്ങി.

ഏതാണ്ട് ഏഴ് ആഴ്ചക്കുളിൽ മൂന്ന് പ്രധാനമന്ത്രിമാരെ കണ്ട യു.ക്കേയിൽ നിന്ന് ഒടുവിൽ കേൾക്കുന്നത് ഋഷി സുനകിൻ്റെ അവസ്ഥയും പരുങ്ങലിൽ ആണെന്നാണ്. വലത് പക്ഷ രാഷ്ട്രീയത്തിൽ ഊന്നിയ നയങ്ങൾ പല രാജ്യങ്ങളിലും പരാജയപ്പെടുമ്പോൾ, ലോകത്തിന് തന്നെ മാതൃകയാക്കാൻ പൊന്ന ശക്തമായ ഒരു ഇടത് ബദൽ തെക്കേ അമേരിക്കയിൽ നിന്ന് ഉയർന്ന് വരും എന്ന് തന്നെയാണ് പ്രതീക്ഷ, മാത്രമല്ല ഫാസിസ്റ്റ് അശയങ്ങളിൽ ഊന്നി പ്രവർത്തിച്ചിരുന്ന ബോൽസനാരോയെ തോൽപ്പിച്ച ബ്രസീലിയൻ ഇടതിൻ്റെ മുന്നേറ്റം, ഇങ്ങ് ഇന്ത്യയിൽ മോദി എന്ന ഫാസിസ്റ്റിനെ 2024 – ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മുട്ടുകുത്തിക്കാൻ കോപ്പ് കൂട്ടുന്ന ഇടത് സോഷ്യലിസ്റ്റ് മുന്നണിക്ക് നൽകുന്ന ഊർജം ചെറുതല്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares