Friday, November 22, 2024
spot_imgspot_img
HomeKerala'കാതൽ' ഉയർത്തുന്ന രാഷ്ട്രീയം

‘കാതൽ’ ഉയർത്തുന്ന രാഷ്ട്രീയം

ടി കെ മുസ്തഫ വയനാട്

ലൈംഗിക- ലിംഗഭേദ-ന്യൂനപക്ഷത്തിന്റെ ജീവിതസവിശേഷതകളേയും അതിജീവന വിഷണ്ണതകളേയും ഭാവുകത്വപരമായി തന്നെ അവതരിപ്പിച്ചിരിക്കുന്ന മലയാള ചല ചിത്രം ‘കാതൽ – ദി കോർ ‘വ്യവസ്ഥാപിത പ്രണയ സങ്കല്പങ്ങളോട് തന്നെയാണ് കലഹിക്കുന്നതും സമരം ചെയ്യുന്നതും!

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് രചിച്ച് ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി മമ്മൂട്ടി നായകനായുള്ള പ്രസ്തുത ചലചിത്രം പൊതു ബോധത്തെ തൃപ്തിപെടുത്തും വിധം അതിന്റെ ‘അരുത്’ കൾക്കും പരിധികൾക്കുമുള്ളിലെ മാതൃകാപരമായ വാർപ്പ് ബിംബങ്ങളായി മാറുന്നതിനു പര്യാപ്തമായ ജീവിത രീതിയിൽ ഒതുങ്ങണമെന്ന് ശഠിക്കുന്ന ഭൂരിപക്ഷ ചിന്താ ഗതിയാൽ നയിക്കപ്പെടുന്ന സാംസ്‌കാരിക നിയന്ത്രണങ്ങളെയാണ് പ്രഥമമായി പൊളിച്ചെഴുതുന്നത്. 2014 ലെ സുപ്രീം കോടതി വിധിയുടേയും കേരള സംസ്ഥാന ട്രാൻസ്ജെൻഡർ സർവേയുടെയും അടിസ്ഥാനത്തിൽ 2015 ൽ ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം.

എന്നാൽ ലൈംഗിക ന്യൂന പക്ഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പലപ്പോഴും ട്രാൻസ്‌ജെന്ററിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ ഇതര ലൈംഗിക ന്യൂന പക്ഷങ്ങളെ ചർച്ചക്കെടുക്കുവാനും ഭിന്ന ലൈംഗികത,ലൈംഗിക വൈവിദ്ധ്യം ഇത്യാദി പദങ്ങളെ വേണ്ട വിധത്തിൽ ചർച്ച ചെയ്യുവാനും നിർഭയത്വവും സുരക്ഷിതത്വവും അവരുടെ കൂടെ അവകാശമാണെന്ന പൊതു ബോധം സൃഷ്ടിച്ചെടുക്കുവാനും നമുക്ക് കഴിയാ റില്ല എന്നതാണ് യാഥാർഥ്യം.

ട്രാൻസ്ജെന്ററുകളെ ചർച്ചക്കെടുക്കുന്നു എന്ന് പറയുമ്പോൾ തന്നെ സ്ത്രീയും പുരുഷനും എന്നതിനപ്പുറം മറ്റൊരു ലിംഗ സാധ്യതയെ ഉൾകൊള്ളാൻ കഴിയാത്ത സാമൂഹ്യ ചുറ്റുപാടിൽ വ്യത്യസ്തങ്ങളായ ഇടങ്ങളിൽ ജീവിക്കാൻ അനുകൂലമല്ലാത്ത സാഹചര്യങ്ങളാൽ ഇവർ ആക്രമിക്കപ്പെടുക തന്നെയാണന്നതും കാണാതെ പോകരുത്.

ആൺ പെൺ വിഭജിതമായി മാത്രം കുടുംബത്തെയും സമൂഹത്തെയും നിരീക്ഷിക്കുകയും പ്രസ്തുത നിരീക്ഷണത്തിലധിഷ്ഠിതമായ ലൈംഗികതക്ക് നിർവചനം സൃഷ്ടിക്കുകയും ചെയ്യുന്ന പൊതു ബോധവും അതേ മാനകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സാമൂഹ്യ ചുറ്റുപാടുകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഇക്കൂട്ടർക്ക് സമ്മാനിക്കുന്നുവെന്ന് മാത്രമല്ല സ്വതന്ത്രവും സ്വച്ഛവും ജൈവവുമായ ലിംഗ സത്വാവിഷ്കാരങ്ങൾ അസാധ്യമാക്കി തീർക്കുക കൂടി ചെയ്യുന്നു സ്ത്രീ പുരുഷ രതി മാനകതയുടെ അധികാര പ്രയോഗങ്ങൾ.

പ്രണയം സരളമായ നിർവചനങ്ങൾക്ക് പിടി കൊടുക്കാത്തത്ര കുഴഞ്ഞു മറിഞ്ഞ അത്ഭുത പ്രതിഭാസമാണ്. മനോ വിശകലന വിദഗ്ധരുടേയും മന : ശാസ്ത്രജ്ഞരുടേയും നിരീക്ഷണത്തിൽ ആകസ്മികമായോ യാദൃശ്ചികമായോ സംഭവിക്കുന്ന ഒന്നല്ല പ്രണയം. തന്റെ മനസ്സിനെ വിരിയിക്കാനും വികസിപ്പിക്കാനും കഴിയുന്ന വ്യക്തിയെ കണ്ടു മുട്ടുമ്പോൾ ഉപ ബോധ മനസ്സ് സ്വയം ആ വ്യക്തിയിലേക്ക് പ്രണയത്തിൽ വീഴാൻ പ്രേരണ നൽകുകയാണ് ചെയ്യുന്നത്.

ഭൂരിപക്ഷത്തിന്റെ ലൈംഗിക ചിട്ട വട്ടങ്ങളാലും സാമൂഹിക വിലക്കുകൾ കൊണ്ടുള്ള ധാർമ്മിക ബോധങ്ങളാലും നിയന്ത്രിക്കപ്പെടുന്നില്ല എന്നുള്ളത് കൊണ്ട് അസ്പൃശ്യത കല്പിച്ചു മാറ്റി നിർത്തപ്പെടേണ്ടവരല്ല ക്യൂർ സമൂഹമെന്ന് ഉറക്കെ പറയുന്നുണ്ട് ‘കാതൽ ‘. ഹോമോസെക്ഷ്വാലിറ്റിക്ക് അസാധാരണത്വത്തിൽ നിന്ന് മോചനം നൽകാൻ ശ്രമിക്കുമ്പോൾ പുരോഗമന ആശയങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും മലയാള സിനിമ പ്രമേയങ്ങളിൽ സൃഷ്ടിക്കുന്ന വിപ്ലവകരമായ പരിവർത്തനങ്ങളെ തന്നെയാണ് നമുക്ക് അവിടെ ദർശിക്കാൻ കഴിയുന്നത്.

വർത്തമാന കാല സംഘടിത ക്യൂർ വിരുദ്ധ, ഹോമോഫോബിക് പ്രചാരണങ്ങളുടെ ഭീഭത്സതകൾക്കിടയിലും ഹോമോസെക്ഷ്വൽ രാഷ്ട്രീയത്തെ കേരളീയ സാമൂഹ്യ മണ്ഡലത്തിൽ ചർച്ചക്കെടുക്കാൻ കഴിയുന്നു എന്നത് ‘കാതലി’ന്റെ വിജയം തന്നെയാണ്.

ലോകവും ലോക ക്രമവും പൊതുവിൽ അപരിചിതമെന്നു വിധിയെഴുതിയ വ്യത്യസ്ത വഴികളിലൂടെയൊരു ലഘു സഞ്ചാരം.

സഞ്ചാരം നടക്കട്ടെ, കൂട്ടത്തിൽ സംവാദവും!

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares