തിരുവനന്തപുരം: ആഗോള തലത്തിൽ സമാധാനപരമായ സഹവര്‍ത്തിത്വം വർദ്ധിപ്പിക്കുന്നതിന് ജീവിതാന്ത്യം വരെ നില കൊണ്ട മഹത് വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് മാർപാപ്പയെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അനുസ്മരിച്ചു.
നീതിയിലും ധാർമികതയിലുമധിഷ്ഠിതമായ നവ ലോകക്രമത്തിന് വേണ്ടി നിരന്തരം സംസാരിച്ച മാർപാപ്പ സാഹോദര്യത്തിന്‍റെ വഴിയിൽ പരസ്പര വിശ്വാസവും സംവാദവും തുടരണമെന്നുമാഹ്വാനം ചെയ്യുകയുണ്ടായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിനിവേശം നേരിടുകയും അടിച്ചമർത്തൽ അനുഭവിക്കുകയും ചെയ്യുന്ന ജന വിഭാഗങ്ങളോട് ഐക്യപ്പെടുകയും പ്രസ്തുത വിഷയത്തെ സംബന്ധിച്ച വസ്തു നിഷ്‌ഠ പൊതു അവബോധം സൃഷ്ടിച്ചെടുക്കുകയും ചെയ്തിരുന്നു ഫ്രാൻസിസ് പാപ്പ.
അതോടൊപ്പം മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെ സഹജമായ അനീതിക്കെതിരെയും പലപ്പോഴും മാർപാപ്പ പ്രതികരിച്ചിരുന്നു.‘ലാദാത്തോ സെ’ എന്ന ചാക്രികലേഖനത്തിൽ മുതലാളിത്ത ചൂഷക വ്യവസ്ഥയിൽ രൂപപ്പെട്ട് വരുന്ന സ്വാഭാവിക ജീവിത പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സാമ്പത്തിക അസമത്വമെന്ന അനാരോഗ്യകരമായ സാമൂഹികവ്യവസ്ഥക്കും സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള സമർപ്പണത്തിന്റെ സംസ്കാരത്തോടുള്ള നിഷേധാത്മക നിലപാടിനും എതിരെയാണ് പാപ്പ ശബ്ദമുയർത്തിയത്.
താൻ കമ്യൂണിസ്റ്റല്ലെന്നും പക്ഷേ കമ്മ്യൂണിസ്റ്റുകാർ പറയുന്ന ശരികളെ അംഗീകരിക്കാൻ ഒട്ടും മടിയില്ലെന്നും ഒരിക്കൽ ഫ്രാൻസിസ് പാപ്പ തുറന്ന് പ്രഖ്യാപിച്ചിരുന്നു.സാർവത്രിക മാനുഷിക സാഹോദര്യത്തിന്ന് വേണ്ടി എന്നും നിലകൊണ്ട ഇടയ ശ്രേഷ്ഠനായിരുന്നു ഫ്രാന്‍സിസ് മാർപാപ്പയെന്നുംഎ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.