തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ സംസ്ഥാനത്ത് വ്യാപക ആക്രമണമാണ് അരങ്ങേറിയത്. പലയിടത്തും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണമുണ്ടായി. സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്തവർക്കു നേരെയും പോലീസ് ഉദ്യോഗസ്ഥർക്കു നേരെയും പലയിടത്തും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയ ഏതാനും ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പള്ളിക്കര യൂസഫ്, കോടിക്കൽ റിഷാദ് എന്നിവരെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
എടക്കഴിയൂരിൽ കെഎസ്ആർടിസി ബസിനും വാനിനും നേരെ കല്ലേറുണ്ടായി. വാൻ ഡ്രൈവർക്ക് കല്ലേറിൽ പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. ഹർത്താലനുകൂലികൾ യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിന്റെ ബൈക്കിലൽ ഹർത്താൽ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ആക്രമണം നടത്തിയത് കൂട്ടിക്കട സ്വദേശിയായ ഷംനാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്ണൂരിൽ ഹർത്താലനുകൂലികൾ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ലോറിയുടെ താക്കോൽ അഴിച്ചുകൊണ്ടുപോയതിനെ തുടർന്ന് നഗരത്തിലുണ്ടായ ഗതാഗത തടസ്സം.
കരുനാഗപ്പള്ളിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ തുറന്നുപ്രവർത്തിച്ച കട ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. 15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി പള്ളുരുത്തിയിൽ വഴി തടഞ്ഞ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വാഹനത്തിന് നേരെ കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരിയിൽ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്, ലോറിയുടെ ഗ്ലാസ് കല്ലേറിൽ തകർന്നു. കണ്ണൂരിൽ രണ്ട് ലോറികളുടെ താക്കോൽ ഹർത്താൽ അനുകൂലികൾ എടുത്തുകൊണ്ടുപോയത് ഗതാഗത തടസത്തിന് ഇടയാക്കി.
കോട്ടയം ഈരാറ്റുപേട്ടയിൽ ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് വിരട്ടി ഓടിച്ചു. വാഹനം തടഞ്ഞ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് ലോറിക്ക് നേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. ലോറിയുടെ മുന്നിലെ ചില്ല് തകർന്നു. പോലീസ് എത്തുമ്പോഴേക്കും ഹർത്താൽ അനുകൂലികൾ ഓടിരക്ഷപ്പെട്ടു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹർത്താൽ അനുകൂലികളായ 12 പേരെ കരുതൽ തടങ്കലിൽ വച്ചിട്ടുണ്ട്.
കോഴിക്കോട് നടക്കാവിൽ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ഹോട്ടലിന്റെ ചില്ലുകൾ തകർത്തു. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ഹോട്ടലിന്റെ ചില്ലു തകർത്തത്.
കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലും കോട്ടയം അയ്മനത്തും കല്ലറ മൈലമൂട് സമതിവളവിലും കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറുണ്ടായി.
കണ്ണൂർ വളപട്ടണത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി പ്രസന്ന എന്നീ യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊല്ലൂരിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപവും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.