തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ആർഎസ്എസ് പ്രവർത്തകനെ ബിജെപിക്കാർ മർദിച്ച് അവശനാക്കി. ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ച് അവശനാക്കിയത്. ആർഎസ്എസ് നേതാവ് പൗഡിക്കോണം സ്വദേശി സായിപ്രസാദിനാണ് മർദനമേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും പൊട്ടലുണ്ടെന്നാണ് സൂചന.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ആർഎസ്എസിനുള്ള അതൃപ്തിയാണ്, ഫേസ്ബുക്കിലൂടെ സായിപ്രസാദ് പരസ്യമാക്കിയത്. ഇതിനെ എതിർത്തുകൊണ്ട് ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ, ഇരുവിഭാഗങ്ങളും സമൂഹമാധ്യമത്തിൽ കടുത്ത തർക്കമായി. ഇതിന്റെ തുടർച്ചയായിട്ടാണ് സായിപ്രസാദിനെ മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്നാണ് പരാതി.
സായിപ്രസാദ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് വിഷ്ണു, മുൻ മണ്ഡലം പ്രസിഡന്റ് ഹരി എന്നിവർ ചേർന്ന് തന്നെ മർദിച്ചുവെന്നാണ് സായി പ്രസാദ് പരാതി നൽകിയിരിക്കുന്നത്. അതേസമയം സായിപ്രസാദ് ബിജെപി ഓഫിസ് ആക്രമിച്ചുവെന്നാരോപിച്ച് എതിർവിഭാഗവും പരാതി നൽകി. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.