കണ്ണൂർ: പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ. എം കെ രാഘവൻ ഒറ്റുകാരനെന്നും, മാപ്പില്ലെന്ന എന്നുമാണ് പോസ്റ്ററിലെ പരാമർശം. കോൺഗ്രസ്സ് ഓഫീസിന്റെ ചുവരിലും പയ്യന്നൂർ നഗരത്തിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. എം കെ രാഘവൻ എം പി ചെയർമാനായ മാടായി കോളജ് ഭരണസമിതി കോഴ വാങ്ങി, ബന്ധു എംകെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
എം കെ രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ തുറന്നടിച്ചതോടെ നേതാക്കൾക്കിടയിലും തർക്കം. ഇന്ന് കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമത നേതാക്കളെ കണ്ടു. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു.
പ്രശ്നപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ കെ ജയന്ത് , അബ്ദുൽ മുത്തലിബ് എന്നിവരാണ് അംഗങ്ങൾ. എന്നാൽ സമവായ നീക്കങ്ങൾക്കിടെയും പ്രതിഷേധത്തിന് കുറവില്ല. മാടായി കോളജ് ഭരണസമിതി അംഗവും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കെ ജയരാജിനെ വിമത വിഭാഗം കയ്യേറ്റം ചെയ്തു. കണ്ണൂർ പഴയങ്ങാടിയിലും കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവ് യുദ്ധംമുണ്ടായി. എം കെ രാഘവൻ അനുകൂലികളും വിമത വിഭാഗവും ഏറ്റുമുട്ടി.