കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകീട്ട് 5 മണിവരെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിവ്യയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുകയായിരുന്നു.
സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയതൊഴിച്ചാൽ ഇന്ന് കേസിൽ വിശദവാദം നടന്നില്ല. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേർന്ന് ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
അതേസമയം നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. പി പി ദിവ്യ ഉന്നത നേതാവായതിനാൽ തന്നെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സാക്ഷികൾ പ്രതിയെ ഭയക്കുന്നുണ്ട്. ദിവ്യയ്ക്കെതിരെ നിലവിൽ അഞ്ച് കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഈ പരാമർശം റിമാൻഡ് റിപ്പോർട്ടിലുമുണ്ട്. മറ്റൊരാളും ആശ്രയത്തിനില്ലാത്ത രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സംഭവത്തിന്റെ സാക്ഷികളുടെ മൊഴികളിൽ നിന്ന് വ്യക്തമാണ്. താൻ ഇതുവഴി പോയപ്പോൾ പരിപാടി നടക്കുന്നത് അറിഞ്ഞ് വന്നതാണെന്ന് ദിവ്യ തന്നെ തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുമുണ്ട്. ദിവ്യ ഉപഹാരവിതരണത്തിൽ ഉൾപ്പെടെ പങ്കെടുക്കാത്തതും ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല എന്നതിന്റെ തെളിവാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദിവ്യ നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.