കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
എഡിഎമ്മിനെ സമ്മർദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തിൽ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. കളക്ടറേറ്റിലെ യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാൻ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്‍റെ മൊഴി. ദിവ്യയുടെ പ്രവർത്തികളാണ് മരണത്തിലേക്ക് എഡിഎമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തൽ.