എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം ഇന്ന് കോടതി കേട്ടു. ഫോൺ കോളുകൾ എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കളക്ടറുടെ മൊഴി പൂർണമായും ഹാജരാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കളക്ടറുടെ മൊഴി കഴിഞ്ഞ തവണ പ്രോസിക്യൂഷൻ ശ്രദ്ധയിൽ പെടുത്തിയില്ലെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ബാങ്ക് വായ്പ എടുത്തതും കൈക്കൂലിക്കുള്ള തെളിവല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി പ്രോസിക്യൂഷൻ വായിച്ചു.
19 ആം വയസിൽ എൽഡി ക്ലാർക്കായി സർവീസ് തുടങ്ങിയ ആളാണ് നവീൻ എന്നും അഴിമതിക്കോ, എൻഒസി വൈകിപ്പിക്കലിനോ തെളിവുകളില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എൻഒസി അനുമതി വൈകിപ്പിച്ചിട്ടില്ലെന്നതിന് ഫയൽ തന്നെ തെളിവാണെന്ന് പ്രോസിക്യൂഷൻ. പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ദിവ്യക്ക് ജാമ്യം അനുവദിക്കുകയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.