ലൈംഗികപീഡനത്തിനും അശ്ലീല വീഡിയോകൾ നിർമിച്ചതിനും കേസ് നേരിടുന്ന കർണാടക ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പരാതിയുമായി കൂടുതൽ പേർ. രാഷ്ട്രീയ പ്രവർത്തകയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്നെയും ഭർത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നാൽപ്പത്തിനാലുകാരിയായ മുൻ പഞ്ചായത്ത് അംഗത്തിന്റെ പരാതി. തന്നെയും ഭർത്താവിനെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്തതെന്ന് മേയ് ഒന്നിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‌റിന്(സിഐഡി) നൽകിയ പരാതിയിൽ യുവതി പറയുന്നു. പ്രജ്വലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം ചുമത്തിയ ആദ്യ പരാതിയാണിത്.
വീട്ടിലെ മുൻ ജീവനക്കാരിയുടെ പരാതിയിൽ പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെ ലൈംഗികാതിക്രമം, വേട്ടയാടൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ ചുമത്തി ഹോളനരിസ്പുര ടൗൺ പോലീസ് ഏപ്രിൽ 28ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം പ്രജ്വലിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയെന്ന പരാതിയിൽ രേവണ്ണക്കെതിരെ കേസെടുത്തു. രേവണ്ണയുടെ ഹോളേനരസിപുരയിലെ വീട്ടിലും ഫാം ഹൗസിലും ആറു വർഷത്തോളം സഹായിയായിരുന്ന യുവതിയുടെ മകനാണ് പരാതിക്കാരൻ.പ്രജ്വൽ പീഡിപ്പിച്ചതായി മറ്റൊരു സ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടി പുരോഗമിക്കെയാണ് പുതിയ കേസ്. ഈ കേസിൽ അറസ്റ്റൊഴിവാക്കാൻ പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
ജർമനിയിലേക്ക് കടന്ന പ്രജ്വലിനെതിരെ അന്വേഷക സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്. രാജ്യംവിടാൻ പ്രജ്വലിന് കേന്ദ്രസർക്കാരിന്റെ സഹായം ലഭിച്ചെന്ന ആക്ഷേപം ശക്തമാണ്.