അങ്ങാടിപ്പുറം: ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങളെ കോർപ്പറേറ്റുകൾക്ക് വേണ്ടി പണയപ്പെടുത്തിയവരാണ് രാജ്യം ഭരിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ അരുൺ . “വി നോ മോഡിസ് ബ്ലെൻഡേഴ്സ്, യൂത്ത് സെയ്സ് സേവ് ഇന്ത്യ”എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് മലപ്പുറം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംഘപരിവാർ പ്രവർത്തകരെ പ്രതിനിധികളായി മുൻകൂട്ടി നിശ്ചയിച്ചുള്ള തട്ടിപ്പിനെയാണ് ‘യുവം’ എന്ന പേരിൽ, പ്രധാനമന്ത്രി നേരിട്ടെത്തി കപട സംവാദത്തിന് കളമൊരുക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി കടന്നുപോകുന്ന ഈ സാഹചര്യത്തിലാണ് മിലിട്ടറി ,റെയിൽവേ , ഉൾപ്പെടെ,പൊതുമേഖല സ്ഥാപനങ്ങളെയാകെ സ്വകാര്യ മേഖലയ്ക്ക് വേണ്ടി തീരെഴുതി നൽകുന്നതെന്നും എഐവൈഎഫ് പറഞ്ഞു.
സഭകൾക്കനുസരിച്ച് പ്രസംഗം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നുണകളുടെ രാജാവാണെന്നും അത്തരം നുണപ്രചരണങ്ങളുടെ സംവാദമാണ് ‘യുവ’മെന്ന പേരിൽ കേരളത്തിൽ ബിജെപി സംഘടിപ്പിക്കുന്നതെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.
രജനി മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ: കെ കെ സമദ്, അഡ്വ: ഷഫീർ കിഴിശ്ശേരി,യൂസഫ് കലയത്ത്, ആർ അരുൺ,അരുൺ പി, നസീഫ് എം എന്നിവർ സംസാരിച്ചു