തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂരിനെ വഞ്ചിയൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയും സ്ഥലത്ത് തുടരുകയാണ്.
കുടുംബത്തോടൊപ്പം തലസ്ഥാനത്തെ ഫ്ലാറ്റിലായിരുന്നു സതീഷ് താമസിച്ചിരുന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ഏഴ് നോവലുകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു.‘പേരമരം’ എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി. കേരള സാഹിത്യ അകാദമിയിലും ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു.
കുടുംബം നാട്ടിലേക്ക് പോയതിനാൽ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു. ഫോണിൽ വിളിച്ച് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിന്‍റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പറും തുറന്ന പേനയുമെല്ലാം മൃതദേഹത്തിന് സമീപമുണ്ട്. പെട്ടെന്ന് സംഭവിച്ച ശാരീരിക അസ്വസ്ഥതയാകാം മരണ കാരണമായതെന്നാണ് നിഗമനം.