ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മുസ്ലീം പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വലതുപക്ഷ സംഘടനകൾ നടത്തിയ റാലി അക്രമാസക്തമായതിനെ തുടർന്ന് അഞ്ച് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 30 അധികം പേർക്ക് പരിക്ക്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദ് സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്നും എത്രയും വേഗം ഇത് പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയ പൊലീസിന് നേരെ പ്രതിഷേധക്കാർ ആക്രമം അഴിച്ചുവിടുകയായിരുന്നു.
സംയുക്ത് സനാതൻ ധർമ്മ രക്ഷക് ദളിൻ്റെ ബാനറിലാണ് ജൻ ആക്രോശ് പ്രതിഷേധം സംഘടിപ്പിച്ചത്. ബജ്‌റംഗ് ദൾ, ദേവഭൂമി രക്ഷാ അഭിയാൻ, മറ്റ് വലതുപക്ഷ സംഘടനകൾ, പ്രാദേശിക വ്യാപാരികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ റാലിക്ക് മുൻകൂർ അനുമതി വാങ്ങിയതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് അമിത് ശ്രീവാസ്തവ പറഞ്ഞു. പ്രതിഷേധ റാലി അക്രമസക്തമാകാതിരിക്കാൻ പോലീസ് മുൻകരുതൽ എടുത്തിരുന്നതായും അദ്ദേഹ് പറഞ്ഞു.
പ്രതിഷേധക്കാർ നഗരത്തിലെ പ്രധാന മാർക്കറ്റിൽ മാർച്ച് നടത്തി. മോസ്ക്കിലേക്കുള്ള ഭട്‌വാദി റോഡ് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. പൊലീസ് ബാരിക്കേഡുകൾ ഭേദിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർ അക്രമം അഴിച്ചുവുടുകയായിരുന്നു. അവരെ തടയാൻ ശ്രമിച്ച പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറു നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിനു ലാത്തിച്ചാർജ് നടത്തേണ്ടി വന്നെന്നും അമിത് ശ്രീവാസ്തവ വ്യക്തമാക്കി.