കൊണ്ടാഴി : കള്ളക്കേസില്‍ കുടുക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി. എഐവൈഎഫ്-സിപിഐ നേതാക്കള്‍ക്കെതിരെ കൊണ്ടാഴി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ചേലക്കര മണ്ഡലം കമ്മിറ്റി കൊണ്ടാഴി പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണസമിതിയുടെ ഒത്താശയോടെ ശ്മശാനത്തില്‍ കുഴിച്ചിട്ട മാലിന്യം കണ്ടെത്തി പുറം ലോകത്തെ അറിയിച്ചത് സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകരാണ്. ഈ വിഷയം ചര്‍ച്ചചെയ്യുന്നതിനായി കൊണ്ടാഴി സെക്രട്ടറിയുടെ കാബിനില്‍ കയറിയപ്പോഴാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ വിശ്വനാഥനുള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കുന്ന സാഹചര്യമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് വി കെ പ്രവീണ്‍ അധ്യക്ഷനായി. ടി പി സുനില്‍, പി എസ് ശ്രീദാസ്, കെ ആര്‍ സത്യന്‍, കെ എസ് ദിനേഷ്, എഐ വൈഎഫ് കൊണ്ടാഴി മേഖല സെക്രട്ടറി പി ആര്‍ കൃഷ്ണകുമാര്‍, സിപിഐ കൊണ്ടാഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയ്‌സണ്‍ മത്തായി, അസിസ്റ്റന്റ് സെക്രട്ടറി ടി എസ് സുമേഷ് , പി ആര്‍ ശരണ്‍ തുടങ്ങിയര്‍ പങ്കെടുത്തു.