ന്യുഡൽഹി: അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. കൂടാതെ ഉപവാസത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്കോ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ. സി മോദിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞ ദിവസം അഴിമതിയെന്ന വാക്കുൾപ്പെടെ 65 പദങ്ങളാണ് പാർലമെന്റിൽ വിലക്കിയത്. പാർലമെന്ററികാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.ഇതുമായി ബന്ധപ്പെട്ട് പുതിയ കൈപ്പുസ്തകം പുറത്തിറക്കി. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കോവിഡ് വ്യാപി, വിനാശ പുരുഷൻ, ഖാലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തം കൊണ്ട് കളിക്കുന്നു, ഉപയോഗ ശൂന്യമയ തുടങ്ങിയ 65 പദങ്ങൾ ഇനി മുതൽ ഉപയോഗിക്കരുത്.
അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാൽ അത് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ കൈപ്പുസ്തകത്തിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. പുതിയ നിർദ്ദേശം വർഷകാല സമ്മേളനം മുതൽ പ്രാബല്യത്തിൽ വരും. ഇത് പാർലമെന്റിന്റെ ഇരു സഭകൾക്കും ബാധകമായിരിക്കുമെന്നും ലോക്സഭ സെക്രട്ടേറിയേറ്റ് അറിയിച്ചു.
‘അഴിമതി’ നേരത്തെ തന്നെ അൺ പാർലമെന്ററി ആയിരുന്നു പക്ഷെ ഇത് ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തേണ്ടത് ലോക്‌സഭ സ്‌പീക്കറോ, രാജ്യസഭ ചെയർമാനോ ആയിരിക്കും. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.