തിരുവനന്തപുരം: പെൻഷൻ പ്രായം വർദ്ധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയും തീരുമാനം പിൻവലിപ്പിക്കുകയും ചെയ്തതിൽ നന്ദി രേഖപ്പെടുത്തി പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവരെ ജയപ്രകാശ് സ്മാരകത്തിലെത്തി നേരിൽ കണ്ടു സന്തോഷം അറിയിച്ചു. പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ മുത്തുരാജ് എം എസ്, ആനന്ദ് രാജ്, പാർവ്വതി പി ജെ, ജിനിത പ്രകാശ് തുടങ്ങിയവരാണ് ജയപ്രകാശ് സ്മാരകത്തിലെത്തി സംസ്ഥാന നേതാക്കളെ നേരിൽ കണ്ടത്.
പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം ഉണ്ടായപ്പോൾ അതിനെതിരെ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയത് യുവജന സംഘടന എഐവൈഎഫ് ആയിരുന്നു. യുവജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് എഐവൈഎഫ് നിവേദനം നൽകിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങുമെന്ന് എഐവൈഎഫ് മുന്നറിയിപ്പ് നൽകി. അതേ തുടർന്നു സർക്കാർ ഉത്തരവിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.