സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ ഹിൻഡൻബെർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളിൽ സ്വമേധയാ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററികാര്യ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) രൂപീകരിച്ചു. ഈ വർഷത്തെ പിഎസിയുടെ അജണ്ടയിൽ സെബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെയർപേഴ്സണിനെ നേരിട്ട് വിളിച്ച് വരുത്തി വിവരങ്ങൾ തേടാനും സാധ്യതയുണ്ട്.
മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ട് എന്നതായിരുന്നു ഹിൻഡൻബെർഗിന്റെ കണ്ടെത്തൽ. ആരോപണം പുറത്ത് വന്നപ്പോൾ തന്നെ മാധബി പുരി ബച്ചും ഭർത്താവും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഹിൻഡൻബെർഗ് സൂചിപ്പിക്കുന്ന നിക്ഷേപം നടത്തുന്നത് 2015-ലാണെന്നും മാധബി സെബിയിലെ സ്ഥിര അംഗമാകുന്നതിനും രണ്ടുവർഷം മുമ്പാണ് ഈ നിക്ഷേപം നടത്തിയത്, തങ്ങൾ ആ സമയത്ത് സ്വകാര്യവ്യക്തിയാണെന്നും സംയുക്ത പ്രസ്താവനയിൽ പരാമർശിക്കുന്നു.
തങ്ങൾക്കെതിരെ ഹിൻഡൻബെർഗ് ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്നായിരുന്നു ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. റിപ്പോർട്ടിൽ പരാമർശിച്ചതുപോലെ മാധബി പുരി ബുച്ചുമായോ ധവാൽ ബുച്ചുമായോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു.