സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗാത്മകആവിഷ്‌കാരമാണ് കല.
കേരളീയ സംസ്‌കാരത്തിന്റെ നവോത്ഥാന കുതിപ്പില്‍ കലകളും സംസ്‌കാരവും നിര്‍വഹിച്ച അനിഷേധ്യമായ പങ്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.
അത്തരത്തിൽ യുവത്വത്തെ സാമൂഹ്യ മാറ്റത്തിനുള്ള ചാലക ശക്തിയാക്കി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകളെ സംഘടിപ്പിച്ചു കൊണ്ട് ‘നവ ജീവൻ കൾചറൽ ഫോറം’ രൂപീകരിക്കുന്നത്.
യുവത്വത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും അത് വഴിയുള്ള ശരിയായ ദിശാബോധവും സാമൂഹ്യ പ്രബുദ്ധതയും ഗുണപരമായ ശേഷിയും ചിന്താധാരയുമുള്ള തലമുറയുടെ സംസ്ഥാപനവുമാണ് എ ഐ വൈ എഫ് ലക്ഷ്യമിടുന്നത്.കലയോടുള്ള പ്രതിബദ്ധതയോടൊപ്പം കാലത്തെ അടയാളപ്പെടുത്തുന്ന നവീനമായ സൗന്ദര്യശാഖകൾ കൂടി ഇഴചേർത്തുകൊണ്ടുള്ള രചനകൾ ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറമുള്ള മാനവികതയുടെ ആത്മ ബോധത്തെയും സമീപനത്തെയുമാണ് വെളിപ്പെടുത്തുന്നത്. സർഗ്ഗസിദ്ധിയും കരവിരുതും സാംസ്‌കാരിക, രാഷ്‌ട്രീയ, സാമൂഹ്യരംഗങ്ങളിലെ ധാരണയും കല സാംസ്‌കാരിക പ്രവർത്തകരുടെ അനിവാര്യ ഘടകങ്ങളാകുന്നു.
മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിൽ അതിജീവനത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ ഉത്തരവാദിത്വം തന്നെയാണ് കല സാംസ്‌കാരിക പ്രവർത്തകർ നിർവഹിക്കുന്നത്.
സാമൂഹ്യ ചുറ്റുപാടുകളെ ക്രിയാത്മകമായും ശക്തമായും പ്രതിഫലിപ്പിക്കുന്നതിനും സാംസ്‌കാരികമായി ഔന്നത്യത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുതകുന്ന നയരൂപവത്കരണം നടത്തുന്നതിലും ജാഗ്രതയോട് കൂടിയുള്ള ഇടപെടലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. അതോടൊപ്പം ചരിത്രപരമായി നിലനിന്നിരുന്ന സാംസ്‌കാരിക വിനിമയങ്ങളെയൊന്നടങ്കം അപ്രസക്തമാക്കിക്കൊണ്ട് സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾക്കെതിരായുള്ള പോരാട്ടവും പ്രതിരോധവും നാം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുമുണ്ട്.
സാംസ്‌കാരിക വൈവിധ്യങ്ങളും അതു രൂപപ്പെടുത്തിയെടുത്തിട്ടുള്ള രാഷ്ട്രീയ, സാമൂഹിക, സാഹചര്യങ്ങളും ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയമായ അടിത്തറയിലായിരിക്കണം കല സാംസ്‌കാരിക പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടത്. സംസ്‌കാരം എന്നത് വിവിധ കലാരൂപങ്ങളുടേയും സാഹിത്യ സൃഷ്ടികളുടേയും ആകെത്തുകയാണെന്ന് കാണാൻ കഴിയും ! അത്തരത്തിൽ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും സര്‍ഗ്ഗാത്മകമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഉറപ്പ് വരുത്തുകയും അവരുടെ ദാർശനികമായ സാമൂഹ്യബന്ധത്തെ യുക്തിബോധത്തോടെ പരിവർത്തനം ചെയ്യിക്കുകയുമാണ് എ ഐ വൈ എഫ് ‘നവ ജീവൻ കൾചറൽ ഫോറ’ത്തിലൂടെ ലക്ഷ്യം വെക്കുന്നത് !