പി വി അൻവർ എന്ന രാഷ്ട്രീയ നെറികേടിന്റെ പര്യായം ഇന്ന് സിപിഐ ക്കും സഖാവ് ബിനോയ് വിശ്വത്തിനുമെതിരെ ചില ജല്പനങ്ങൾ വിളിച്ചു പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയത്തെ കച്ചവടം മാത്രമാക്കി ശീലിച്ച അൻവർ തന്റെ നെറികേടുകൾക്ക് കൂട്ട് നിൽക്കാത്തതിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഉണ്ടയില്ല വെടികൾ പൊട്ടിച്ചു കൊണ്ടിരിക്കുന്നത്. പി വി അൻവർ എന്ന രാഷ്ട്രീയ കൗശലക്കാരന്റെ പൊയ്‌മുഖം കേരളത്തിൽ ആദ്യമായി തുറന്നു കാട്ടിയത് സിപിഐ യും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പനുമായിരുന്നു.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ യുടെ ഏറനാട് സീറ്റ് മോഹിച്ചു കൊണ്ട് അൻവർ പാർട്ടിയെ സമീപിക്കുകയും എന്നാൽ തെരഞ്ഞെടുപ്പും പാർലമെന്ററി അധികാരവുമല്ലാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ കണിക പോലും അദ്ദേഹത്തിനില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സഖാവ് സി കെ എംഎൻ സ്മാരകത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.
ഇതേ തുടർന്ന് സി കെ ചന്ദ്രപ്പൻ 25 ലക്ഷം രൂപക്ക് നിയമസഭ സീറ്റ് വിറ്റു എന്ന ജല്പനം നടത്തിക്കൊണ്ടാണ് അൻവർ തന്റെ അരിശം തീർത്തത്.വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോൽ അല്പത്തരങ്ങൾ ജൽപ്പിച്ചു നടക്കുന്ന അൻവറിനെ ഏറനാട് സീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിക്കാൻ സിപിഐ ക്കാർ വെല്ലുവിളിക്കുകയാണ്. സിപിഐയെയും സംസ്ഥാന സെക്രട്ടറി സഖാവ് ബിനോയ് വിശ്വത്തെയും കേരളത്തിന്നറിയാം. രാഷ്ട്രീയ വാണിഭക്കാരനായ കാട്ടു കള്ളന്റെ സർട്ടിഫിക്കറ്റ് സിപിഐക്ക് ആവശ്യമില്ല. മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടച്ചിട്ട് ഫലമില്ലെന്ന് ആരെങ്കിലും ഈ അല്പനെ ഒന്ന് ഉപദേശിക്കുന്നത് നന്നായിരിക്കും.