കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഓ എം. ഷുഹൈബിൻറെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എസ് ബി ഐയുടേയും കനറാ ബാങ്കിന്റേയും കൊടുവള്ളി ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഷുഹൈബിനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു.
ചോദ്യ പേപ്പർ ചോർച്ചാ കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷൻസ് സി ഇ ഓ എം ഷുഹൈബിൻറെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. കൊടുവള്ളി എസ് ബി ഐ ശാഖയിലെ അക്കൗണ്ടിൽ 24 ലക്ഷത്തോളം രൂപയാണുള്ളത്. കാനറാ ബാങ്കിലെ അക്കൗണ്ടിൽ കാര്യമായ തുകയില്ലെങ്കിലും കൂടുതൽ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഈരണ്ട് അക്കൗണ്ടുകളുമാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.
കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഷുഹൈബിൻറെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കാനിരിക്കേയാണ് ക്രൈംബ്രാഞ്ചിൻറെ നടപടി. എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർക്ക് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇവരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. രണ്ടു പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണ സംഘം പിടിച്ചെടുത്ത ഷുഹൈബിൻറെ മൊബൈൽ ഫോണും ലാപ് ടോപും ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഇതിൻറെ ഫലം അന്വേഷണത്തിന് നിർണായകമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.