റായ്‌ബറേലി നിലനിർത്താനാകും രാഹുൽ ഗാന്ധി ശ്രമമെന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ മറ്റൊരു തെരഞ്ഞെടുപ്പ് തയ്യാറെടുക്കുകയാണ് വയനാട്. വയനാട് ഉപേക്ഷിക്കുമെന്ന സൂചനകൾ വന്നതോടെയാണ് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. രാഹുൽ വയനാട് വിടുമെന്ന നിഗമനത്തിലാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും. രാഹുലിനു പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണവും ശക്തമാകുന്നുണ്ട്. ഒരു ദേശീയ മുഖം സ്ഥാനാർത്ഥി ആയില്ലെങ്കിൽ കേരളത്തിലെ യുഡിഎഫിൽ ഉണ്ടക്കാനിരിക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല.
അത്രയധികം നേതാക്കളും ഘടക കക്ഷികളും വയനാട് സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കാൻ തയ്യാറല്ലായിരുന്നുവെങ്കിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് പരിഗണിച്ചിരുന്നു. മണ്ഡലത്തിനകത്തും പുറത്തുമുള്ളവർ സീറ്റ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വയനാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിനു നൽകുന്ന തലവേദന ചെറുതായിരിക്കില്ല.
മുസ്ലീം ലീഗ് സീറ്റിനായി അവകാശവാദം ഉന്നയിക്കു എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. രാഹുൽ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ദേശീയ നേതാവിനായി മുസ്ലീം ലീഗ് പിൻമാറിയത്. രാഹുൽ ഒഴിയുന്ന സാഹചര്യം വന്നാൽ സീറ്റിനായി മുസ്ലീം ലീഗ് പിടിമുറുക്കും.
ജൂലൈയിൽ രാജ്യസഭയിൽ ഒഴിവ് വരുന്ന സീറ്റ് നൽകാമെന്ന ഉറപ്പിലാണ് ലോക്‌സഭയിലെ മൂന്നാം സീറ്റിൽ ലീഗ് വിട്ടുവീഴ്‌ച ചെയ്‌തത്. രാജ്യസഭ ലഭിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വയനാട് വേണമെന്ന ഉറച്ചനിലപാടെടുക്കും. വഴങ്ങേണ്ടി വന്നാൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധിയുണ്ടാകുമെന്ന കാര്യത്തിൽ സംശമില്ല.