കൊച്ചി: പാർട്ടിയിലും ഭരണത്തിലും സ്‌ത്രീകൾക്ക് തുല്യപങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന സമ്മേളനവേദിയിലും നിറഞ്ഞത് പുരുഷനേതൃത്വം. ഉദ്‌ഘാടകനായി എത്തിയ രാഹുൽ ഗാന്ധി തന്നെ വേദിയിലെ പുരുഷമേധാവിത്വത്തെ പരിഹസിച്ച് രംഗത്തെത്തി.
മഹിളാ കോൺഗ്രസിന്റെ വേദിയിൽ സ്‌ത്രീകളെയല്ലാതെ പുരുഷന്മാരെ കണ്ടെത്താൻ പ്രയാസമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി എന്നാൽ കേരളത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളന വേദിയിൽ പക്ഷേ, പുരുഷന്മാരാണ് കൂടുതലെന്ന് പരിഹസിച്ചു. മഹിളാ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റും പ്രധാന സംസ്ഥാന ഭാരവാഹികളും മാത്രമാണ് വേദിയിലുണ്ടായിരുന്നത്. എന്നാൽ, കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാവരും പ്രതിപക്ഷനേതാവും മറ്റു ജനപ്രതിനിധികളും വേദിയിൽ സ്ഥാനംപിടിച്ചതടെ മഹിളാ കോണമ്ഗ്രസിന്റെ സമ്മേളനം അക്ഷാരാർധത്തിൽ പുരുഷ മോൽക്കോയ്മ വിളിച്ചോതുന്നതായി മാറി.
ഇതിനിടയിലും, കോൺഗ്രസിന്റെ പ്രധാന പദവികളിലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്‌ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്ന ആവശ്യം മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോൾ ഉസ്‌മാനും ബിന്ദു കൃഷ്‌ണയും ഉന്നയിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി അധ്യക്ഷയായി. ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം താരിഖ് അൻവർ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരും സംസാരിച്ചു.