തിരുവനന്തപുരം: കേരള, എംജി സർവ്വകലാശാലകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റ പരാജയത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫിന് നേരെ നടത്തുന്ന അക്രമങ്ങളിൽ പ്രതികരണവുമായി എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്. എഐഎസ്എഫ് പ്രവർത്തകരെ ലഹരി – ഗുണ്ടാ മാഫിയുടെ സഹായത്തോടെ ആക്രമിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനമെങ്കിൽ പ്രതിഷേധങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല , ഈ ആക്രമങ്ങളെ പ്രതിരോധിക്കാൻ തന്നെയാണ് എഐഎസ്എഫിന്റെ തീരുമാനമെന്ന് ആർ എസ് രാഹുൽ രാജ് പറഞ്ഞു. വരും ദിവസങ്ങളിൽ അത് പ്രകടമായി കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കൊല്ലം എസ് എൻ കോളേജിൽ എഐഎസ്എഫിന്റെ 14 പ്രവർത്തകർക്ക് നേരെയാണ് എസ്എഫ്ഐ ഇന്ന് ആക്രമണം നടത്തിയത് . പരിക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥികളെ മോഡൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ അക്രമണം നടത്തി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇലക്ഷൻ റദ്ദാക്കണമെന്നുമായിരുന്നു എസ്എഫ്‌ഐയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. തുടർന്നായിരുന്നു ക്യാമ്പസിൽ എസ്എഫ്‌ഐ പ്രവർത്തകർ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥകളെ ഹാളിൽ നിന്നും ഇറക്കിവിട്ടത്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പേപിടിച്ച പട്ടിയെ പോലെ എസ്എഫ്ഐ വിദ്യാർത്ഥികളെ ആക്രമിക്കുന്നു.
കേരള,എംജി സർവ്വകലാശാലകളിലെ തിരഞ്ഞെടുപ്പുകൾ അവസാനിച്ചു കഴിഞ്ഞ് സംസ്ഥാനത്തെ ക്യാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തകരെ വ്യാപകമായി ആക്രമിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇലക്ഷന് തോറ്റ എസ്എഫ്ഐ അവിടത്തെ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച് തുടങ്ങിയ ഫാസിസ്റ്റ് പ്രവർത്തന ശൈലി ആലപ്പുഴ എസ് ഡി കോളേജിലേക്കും വ്യാപിപ്പിക്കയായിരുന്നു.
കലാശക്കൊട്ട് കഴിഞ്ഞ് .എസ് ഡി യിലെ വിദ്യാർത്ഥിനികളെ ഉൾപ്പെടെ ആക്രമിച്ച എസ്എഫ്ഐ ഇതേ ദിവസം തന്നെയാണ് മേപ്പാടിയിലെ അക്രമത്തിൽ യുഡിഎഫ് നെതിരായി അക്രമത്തിനെതിരെ മുദ്രാവാക്യം മുഴക്കി കേരളത്തിൽ പ്രചാരണവും നടത്തിയത്.
ഏറ്റവും ഒടുവിലായി തങ്ങളുടെ പൊന്നാപുരം കോട്ടയെന്ന് കാലങ്ങളായി എസ്എഫ്ഐ അവകാശപ്പെടുന്ന കൊല്ലം എസ്എൻ കോളേജിൽ ഇലക്ഷനിൽ എഐഎസ്എഫ് നടത്തിയ മികച്ച മുന്നേറ്റത്തിൽ വിരളി പൂണ്ട എസ്എഫ്ഐ വിദ്യാർത്ഥിനികളെ ഉൾപ്പെടെ പുറത്ത് നിന്നുള്ള ലഹരി മാഫിയയുടെ സഹായത്തോട് കൂടി ഇന്ന് ആക്രമിക്കുകയായിരുന്നു.
വൈദേശികൻ്റെ തോക്കിനും ലാത്തിക്കും കഴുമരത്തിനും കാരാഗ്രഹത്തിനും മുന്നിൽ പതറാത്ത എഐഎസ്എഫ് പ്രവർത്തകരെ ലഹരി – ഗുണ്ടാ മാഫിയാ സഹായത്തിൽ ആക്രമിക്കാനാണ് എസ്എഫ്ഐ യുടെ തീരുമാനമെങ്കിൽ പ്രതിഷേധങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല ഈ ആക്രമങ്ങളെ പ്രതിരോധിക്കാൻ തന്നെയാണ് എഐഎസ്എഫ് തീരുമാനം.വരും ദിവസങ്ങളിൽ അത് പ്രകടമായി കാണുകതന്നെ ചെയ്യും.