തിരുവനന്തപുരം: ആമയിഴഞ്ചാൻതോട്ടിൽ മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് റയിൽവേ നഷ്ടപരിഹാരം നൽകുക, നഗരത്തിൽ റയിൽവേ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കാൻ റയിൽവേ തന്നെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐയുടെ നേതൃത്വത്തിൽ റയിൽവേ ഡിവിഷണൽ ആഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.സമരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . റയിൽവേയുടെ കുറ്റകരമായ അനാസ്ഥയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പോലും റയിൽവേ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ റയിൽവേ മനുഷ്യത്വരഹിതമായ സമീപനമാണ് സൃഷ്ടിക്കുന്നത്. റയിൽവേ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ അവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ റയിൽവേയുടെ നിക്ഷേധാത്മകമായ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്നും മാങ്കോട് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ അസി: സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ ,അരുൺ കെ.എസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാഖി രവികുമാർ ,എ എസ് ആനന്ദകുമാർ ഡപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പ്രസംഗിച്ചു.സമരത്തിന് നേതാക്കളായ എ എം റൈസ്, വെങ്ങാനൂർ ബ്രൈറ്റ്, കെ ദേവകി,ടി.എസ്ബിനുകുമാർ, വട്ടിയൂർക്കാവ് ശ്രീകുമാർ, ചന്തവിളമധു, പി.എസ് ഷെരീഫ്, പി.ജി ബിജു, ഡി.ടൈറ്റസ്, ആദർശ് കൃഷ്ണ, പി.എസ് ആൻറസ് തുടങ്ങിയവർ നേതൃത്വം നൽകി.