തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസത്തേക്ക് പരക്കെ മഴയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
മഴ കനക്കുന്ന പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാദ്ധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.