റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.
കൊച്ചിയിലും മഴ ശക്തമാണ്. കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറി. തൃക്കാക്കര കൈപ്പടമുകളിൽ റോഡിലെ വെള്ളക്കെട്ടിലൂടെ വന്ന വാഹനം ഓടയിൽ വീണു. കാർ ഓടയിൽ നിന്ന് മാറ്റാൻ ശ്രമം തുടരുന്നു.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയഅറിയിച്ചു. ഇന്നും 31നും തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 45 cm നും 81 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും 1.3 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.