തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം കൊല്ലം എന്നീ രണ്ട് ജില്ലകളിൽ മാത്രമാണ് യാതൊരു ജാഗ്രത നിർദ്ദേശവും പ്രഖ്യാപിക്കാത്തത്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. ഓഗസ്റ്റ് 27 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് – യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 50 കിലോമീറ്റർ (ചിലപ്പോൾ 60 കി.മീ.) വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.