സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് .കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.