തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മൂന്ന് ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിശദീകരണം. എറണാകുളം,കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി മി മുതൽ 204.4 മി മി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ ശക്തമാകുന്നതിന്‍റെ കാരണം.
മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് മലയിടിച്ചിൽ ഉണ്ടായത്. ഉരുൾ പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്.