തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കൂടുതൽ എൻഡിആർഎഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്ന ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.