കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടർന്ന് ഇന്നുമുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. അതിന്റെ ഭാഗമായി ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലക്കൊള്ളുന്ന ന്യൂനമര്‍ദ്ദം ഇന്ന് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബര്‍ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നവംബര്‍ 12 , 13 തീയതികളില്‍ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്‌നാട് – പുതുച്ചേരി, കേരളം എന്നി പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഇടുക്കിയില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.